
തിരുവനന്തപുരം : കേരളപ്പിറവി ദിനമായ ഇന്ന് വൈകീട്ട് 5 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപന ചടങ്ങിൽ നടൻ മമ്മൂട്ടി മുഖ്യാതിഥിയാകും. മോഹൻലാലും കമൽഹാസനും എത്തില്ലെന്ന് സർക്കാരിനെ അറിയിച്ചു.
കമൽഹാസന് ചെന്നൈയിലും മോഹൻലാലിന് ദുബൈയിലും മറ്റ് പരിപാടികളിൽ പങ്കെടുക്കേണ്ടതിനാലാണ് ഇവർക്ക് എത്താൻ കഴിയാത്തത്. മമ്മൂട്ടി ഇന്ന് രാവിലെ തന്നെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് നടനെ സ്വീകരിച്ചത്. ഏകദേശം എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി പങ്കെടുക്കുന്ന ആദ്യത്തെ പൊതുപരിപാടിയാണിത്.
ചികിത്സയ്ക്കും തുടർന്ന് സിനിമാ ചിത്രീകരണത്തിനുമായി എട്ടുമാസത്തോളം കേരളത്തിന് പുറത്തായിരുന്ന ശേഷമാണ് അദ്ദേഹം മടങ്ങിയെത്തിയത്. ചികിത്സയ്ക്കായി ചെന്നൈയിൽ കഴിഞ്ഞ മമ്മൂട്ടി പുതിയ ചിത്രമായ പാട്രിയറ്റിൻ്റെ ഷൂട്ടിംഗിനായി ഹൈദരാബാദിലേക്ക് പോയിരുന്നു. ആ ഷൂട്ടിംഗ് പൂർത്തിയാക്കിയാണ് അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചിയിൽ തിരിച്ചെത്തിയത്.