Banner Ads

കേരളം കാത്തിരിക്കുക; നാളെ മുതൽ ശക്തമായ മഴ, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

കൊച്ചി : നാളെ (നവംബർ 21) മുതൽ മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം സംസ്ഥാനത്ത് അടുത്ത 3 ദിവസങ്ങളിലും (നവംബർ 21, 22, 23) ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് നാളെ യെല്ലോ ജാഗ്രത.

മറ്റന്നാൾ (നവംബർ 22) പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും, ഞായറാഴ്ച (നവംബർ 23) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമാണിത്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (നവംബർ 20) മത്സ്യബന്ധനത്തിന് നിലവിൽ തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.