
ബിപിഎൽ കാർഡുള്ളവർക്ക് ഓണത്തിന് സബ്സിഡി നിരക്കിൽ വെളിച്ചെണ്ണ നൽകുമെന്ന് കേരഫെഡ് അറിയിച്ചു. വെളിച്ചെണ്ണയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ സാധാരണക്കാർക്ക് ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം.
നിലവിൽ ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 440 രൂപ വരെ വിലയുണ്ട്. ഈ സാഹചര്യത്തിൽ, ഓണക്കാലത്ത് വില വീണ്ടും ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് സബ്സിഡി നിരക്കിൽ വെളിച്ചെണ്ണ വിതരണം ചെയ്യാൻ കേരഫെഡ് തീരുമാനിച്ചത്.
ഇതിനായുള്ള നിർദ്ദേശം സർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടെന്നും സബ്സിഡി എത്രയാണെന്ന് പിന്നീട് തീരുമാനിക്കുമെന്നും കേരഫെഡ് ചെയർമാൻ വി. ചാമുണ്ണി അറിയിച്ചു.ഓണവിപണിയിലേക്ക് ആവശ്യമായ വെളിച്ചെണ്ണയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി 4.5 ലക്ഷം കിലോഗ്രാം കൊപ്രയ്ക്ക് ഓർഡർ നൽകിയിട്ടുണ്ട്.
കൂടാതെ, കർഷകരിൽ നിന്ന് പച്ചത്തേങ്ങ നേരിട്ട് സംഭരിക്കാനും കേരഫെഡ് നടപടി ആരംഭിച്ചിട്ടുണ്ട്. ഇതിനായി വിപണി വിലയേക്കാൾ ഒരു രൂപ അധികം നൽകി പച്ചത്തേങ്ങ സംഭരിക്കും. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ തുടങ്ങിയ ജില്ലകളിൽ സംഭരണ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്.