Banner Ads

കന്നിമാസ പൂജകൾ പൂർത്തിയായി: ശബരിമല നട ഇന്ന് അടയ്ക്കും; തുലാമാസ പൂജകൾക്കായി ഒക്ടോബർ 17ന് തുറക്കും

പത്തനംതിട്ട : കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട തിങ്കളാഴ്ച (ഇന്ന്) രാത്രി 10 മണിക്ക് അടയ്ക്കും. കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 16ന് വൈകുന്നേരമാണ് നട തുറന്നിരുന്നത്. ഇനി തുലാമാസ പൂജകൾക്കായി ഒക്ടോബർ 17ന് വൈകുന്നേരം നട തുറന്ന് ഒക്ടോബർ 22ന് രാത്രിയോടെ അടയ്ക്കും.

അതേസമയം വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തിന് മുന്നോടിയായി അരവണ നിർമാണ പ്ലാന്റിന്റെ അറ്റകുറ്റപ്പണികളും നിർമാണശേഷി വർധിപ്പിക്കുന്നതിനുള്ള ജോലികളും കഴിഞ്ഞ ദിവസം ആരംഭിച്ചു.

അരവണയുടെ പ്രതിദിന ഉൽപ്പാദന ശേഷി 85000 മുതൽ ഒരു ലക്ഷം കണ്ടെയ്നർ വരെയായി ഉയർത്തുകയാണ് ലക്ഷ്യം. പ്ലാന്റിന്റെ പ്രവർത്തനം പൂർണ്ണസജ്ജമാകുന്നതോടെ തീർത്ഥാടന കാലത്തേക്കുള്ള അരവണയുടെ കരുതൽ ശേഖരം വലിയ തോതിൽ നിർമ്മിച്ച് സൂക്ഷിക്കാൻ സാധിക്കും.