
തിരുവനന്തപുരം : വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്ത് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ജനാവികാരം കാണാതെ പാർട്ടിക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്നും ഘടകകക്ഷികളുടെ വികാരം കൂടി ഉൾക്കൊണ്ടാണ് ഹൈക്കമാൻഡ് ഇത്തരമൊരു നിലപാടെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിൽ ഒരു വികാരം ഉണ്ടായിരുന്നുവെങ്കിലും ജനവികാരം മറ്റൊന്നായിരുന്നു. നിരവധി കടമ്പകൾ കടന്നാണ് ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുത്തത്. ജനാവികാരം മാനിച്ചില്ലെങ്കിൽ പാർട്ടിക്ക് തിരിച്ചടിയുണ്ടാകുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി. ഭരണനേതൃത്വത്തിൽ കാലാനുസൃതമായ മാറ്റം അനിവാര്യമാണ്. സീനിയോറിറ്റി മാത്രം നോക്കിയല്ല ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത്.
സതീശന്റെ വരവ് അത്തരത്തിൽ ഒരു മാറ്റത്തിന്റെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെയുള്ള കെസി വേണുഗോപാലിന്റെ പ്രതികരണം അത്യന്തം മാതൃകാപരമാണ്. ഇനി വിവാദങ്ങൾക്ക് വിടപറഞ്ഞ് എല്ലാവരും ഒന്നിച്ച് മുന്നോട്ട് പോകണമെന്നും ഉണ്ണിത്താൻ ആഹ്വാനം ചെയ്തു.