Banner Ads

തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ… സച്ചിയുടെ ഓർമ്മകൾക്ക് ഇന്ന് ആറാം ആണ്ട്

മലയാള സിനിമയുടെ പ്രിയപ്പെട്ട എഴുത്തുകാരനും സംവിധായകനുമായ സച്ചി വിടപറഞ്ഞിട്ട് ഇന്ന് ആറുവർഷം തികയുന്നു. സച്ചിയുടെ തൂലികയിൽ നിന്നും സംവിധാന മികവിൽ നിന്നും ഇനിയും ഒരുപാട് വിസ്മയങ്ങൾ പ്രതീക്ഷിച്ചിരുന്ന സിനിമാ ലോകത്തിനും പ്രേക്ഷകർക്കും അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത ഇന്നും നികത്താനാകാതെ തുടരുകയാണ്.

എട്ടു വർഷത്തോളം ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്നു. തന്റെ സിനിമാ സ്വപ്നങ്ങൾക്കായി ആ ജോലി ഉപേക്ഷിച്ചാണ് വെള്ളിത്തിരയിലേക്ക് എത്തിയത്. സുഹൃത്ത് സേതുവുമായി ചേർന്നുള്ള സച്ചി-സേതു കൂട്ടുകെട്ടാണ് സച്ചിയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത്.

2007ൽ പൃഥ്വിരാജ് നായകനായ ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. തുടർന്ന് റോബിൻ ഹുഡ്, മേക്കപ്പ് മാൻ, സീനിയേഴ്സ് തുടങ്ങി തിയേറ്ററുകളിൽ വൻ വിജയം നേടിയ ഒരുപിടി ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ പിറന്നു. സിനിമാ സങ്കൽപ്പങ്ങളിലെ വ്യത്യാസങ്ങൾ കാരണം പിന്നീട് ഈ കൂട്ടുകെട്ട് പിരിഞ്ഞു.

2012ൽ മോഹൻലാൽ നായകനായ റൺ ബേബി റൺ എന്ന ചിത്രത്തിലൂടെ സച്ചി സ്വതന്ത്ര തിരക്കഥാകൃത്തായി മാറി. 2015ൽ പൃഥ്വിരാജ്-ബിജു മേനോൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ അനാർക്കലിയിലൂടെയാണ് അദ്ദേഹം സംവിധായകന്റെ തൊപ്പി അണിയുന്നത്.

സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രം മലയാള സിനിമയിലെ തന്നെ വലിയ നാഴികക്കല്ലുകളിലൊന്നായി മാറി. പൃഥ്വിരാജും ബിജു മേനോനും തകർത്താടിയ ചിത്രം സച്ചി എന്ന ചലച്ചിത്രകാരന്റെ കരിയറിലെ ഏറ്റവും മികച്ച ജനപ്രീതിയും നിരൂപക പ്രശംസയും നേടിക്കൊടുത്തു.

ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരവും മരണാനന്തര ബഹുമതിയായി സച്ചിയെ തേടിയെത്തി. തന്റെ സിനിമാ ജീവിതം കേവലം 13 വർഷങ്ങൾ മാത്രമായിരുന്നിട്ടും മലയാളി നെഞ്ചിലേറ്റിയ ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ചാണ് 48-ാം വയസ്സിൽ സച്ചി വിടപറഞ്ഞത്.