Banner Ads

പൂജയ്ക്കിടെ മുറിയിലേക്ക് വിളിച്ചുവരുത്തി; പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മുൻ ബിജെപി നേതാവ് അറസ്റ്റിൽ

കൊല്ലം : വീട്ടിൽ ആഭിചാരക്രിയകൾ നടത്തുന്നതിനിടെ പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുൻ ബിജെപി നേതാവ് അറസ്റ്റിൽ. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റിയംഗവും പോരുവഴി പഞ്ചായത്ത് സമിതി മുൻ പ്രസിഡന്റുമായിരുന്ന പോരുവഴി ഇടയ്ക്കാട് തെക്ക് കാഞ്ഞിരവിള വടക്കതിൽ (അമ്പാടി) ടി രഞ്ജുവിനെയാണ് (52) അടൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം 10ന് അർദ്ധരാത്രിയിൽ നെല്ലിമുകൾ മുണ്ടപ്പള്ളി മുളമുക്കിലുള്ള പെൺകുട്ടിയുടെ വീട്ടിലായിരുന്നു സംഭവം. കുടുംബത്തിന്റെ ഐശ്വര്യത്തിനായി വീട്ടുകാരുടെ സാന്നിധ്യത്തിൽ പ്രത്യേക പൂജകളും ആഭിചാര കർമ്മങ്ങളും നടത്തുന്നതിനിടയിലാണ് പ്രതി പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയത്.

വീട്ടുകാർ തന്നെയാണ് രഞ്ജുവിനെ ആഭിചാരക്രിയകൾക്കായി വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയത്. മറ്റൊരു സുഹൃത്ത് വഴിയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇയാളെ ബന്ധപ്പെടുന്നത്. പൂജകളുടെ ഭാഗമായി പെൺകുട്ടിയെ പ്രതി ഒരു മുറിയിലേക്ക് ഒറ്റയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് മുറിക്കുള്ളിൽ വെച്ച് കുട്ടിയെ ബലമായി കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.

പെൺകുട്ടി വിവരമറിയിച്ചതിനെത്തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് അടൂർ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.