
ടെഹ്റാൻ : ഹോർമുസ് കടലിടുക്ക് വഴി സർവീസ് നടത്തുന്നതിൽ നിന്ന് രണ്ട് ഇന്ത്യൻ ടാങ്കറുകൾ ഉൾപ്പെടെ 50 ചരക്കപ്പലുകൾക്ക് വിലക്കേർപ്പെടുത്തി ഇറാൻ. ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപിച്ചാണ് ഇന്ത്യൻ പതാകയുള്ള ഒരു എൽഎൻജി ടാങ്കറും എണ്ണ ടാങ്കറും ഇറാൻ കരിമ്പട്ടികയിൽ പെടുത്തിയത്.
ഇന്ത്യയിലേക്ക് ചരക്കെത്തിക്കുന്ന മറ്റ് വിദേശ രാജ്യങ്ങളുടെ കപ്പലുകളും ഒരു പാകിസ്ഥാനി ടാങ്കറും ഇറാന്റെ വിലക്കുള്ള പട്ടികയിലുണ്ട്. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഇറാന്റെ ഈ നിർണായക നീക്കം.
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തെ യഥാർത്ഥ യുദ്ധമായി കണ്ട് നേരിടുമെന്നാണ് ഇറാന്റെ നിലപാട്. ഉപരോധത്തോട് സഹകരിക്കുന്ന രാജ്യങ്ങൾക്കെതിരെ ദേശീയ താൽപ്പര്യം മുൻനിർത്തി നടപടിയെടുക്കുമെന്ന് ഇറാൻ ആക്ടിങ് പ്രതിരോധ മന്ത്രി വ്യക്തമാക്കി.
ഇറാനുമേലുള്ള ഉപരോധങ്ങൾ നീക്കുന്നതിന് പകരമായി ഹോർമുസ് കടലിടുക്ക് തുറന്നു നൽകണമെന്ന സമാധാന ഫോർമുല അമേരിക്ക മുന്നോട്ടുവെച്ചതായി റിപ്പോർട്ടുണ്ട്. ഹൂത്തികൾ, ഹിസ്ബുള്ള എന്നിവർക്കെതിരെയുള്ള നടപടികൾ നിർത്തിവെക്കാമെന്നും യു എസ് നിർദേശിച്ചിട്ടുണ്ട്.
മറ്റ് രാജ്യങ്ങൾ നടത്തുന്ന ആക്രമണങ്ങളുടെ പേരിൽ മേഖലയിലെ മറ്റ് രാജ്യങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ഖത്തർ മുന്നറിയിപ്പ് നൽകി.