ന്യൂഡൽഹി: ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെവിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.രണ്ടാം വർഷ ബയോമെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആണ് മരിച്ചത്.
ചണ്ഡീഗഡ് സ്വദേശി ആ ആയുഷ് സിംഗാറിനെ 2 ദിവസമായി ക്യാമ്ബസിൽ കാണാത്തതിനെ തുടർന്ന് വിദ്യാർത്ഥികൾ അധികൃതരെ വിവരമറിയിച്ചിരുന്നു. വിദ്യാർത്ഥിയുടെ റൂം അകത്തു നിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് അധികൃതർ പൊലീസിൽ വിവരം അറിയിച്ചു.
തുടർന്ന് വാതിൽ പൊളിച്ചു പൊലീസ് അകത്ത് കടന്നപ്പോഴാണ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യാർത്ഥിയുടെ ശരീരത്തിൽ സംശയം തോന്നിക്കുന്ന തരത്തിലുള്ള പാടുകൾ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. റൂമിലെ വൈദ്യുത ഉപകരണങ്ങൾ അടക്കം ഫോറൻസിക് പരിശോധനകൾക്ക് അയച്ചു.സംഭവത്തിൽ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.