കോഴിക്കോട്: പച്ചത്തേങ്ങക്കും കൊപ്രക്കും റെക്കോഡ് വില. 20 വർഷത്തിനിടെ ആദ്യമായി നാളികേരള ഉല്‍പന്നങ്ങള്‍ക്ക് ഇങ്ങനെ ഉയർന്ന വില.
കോഴിക്കോട് പാണ്ടികശാലയില്‍ ചൊവ്വാഴ്ച ഉണ്ട കൊപ്രക്ക് ക്വിന്റലിന് 19,000 രൂപയായിരുന്നു വില. ഗുണനിലവാരം കൂടിയതിന് 20,000 രൂപയും വ്യാപാരികള്‍ നല്‍കി. രാജാപൂര്‍ കൊപ്രക്ക് 22,000 രൂപയും.രണ്ടാഴ്ചക്കിടെയാണ് നാളികേര വില കുതിച്ചുയർന്നത്. വേനല്‍ക്കാലത്തെ അമിതമായ ചൂട് ഇത്തവണ സീസണില്‍ തേങ്ങ ഉല്‍പാദനം ഗണ്യമായി കുറയാൻ ഇടയാക്കി. കൊപ്ര എടുത്തപടിക്ക് 13400 രൂപയാണ് മാർക്കറ്റ് വില. എന്നാല്‍, കർഷകർക്ക് 14000 രൂപ ലഭിച്ചു. വെളിച്ചെണ്ണ വിലയും തിളച്ചുമറിയുകയാണ്. വെളിച്ചെണ്ണക്ക് ചൊവ്വാഴ്ച കോഴിക്കോട് മാർക്കറ്റില്‍ വില 20650 ആണ്. ഈ മാസം 10ന് 17800 ആയിരുന്നു വില. കൊപ്ര എടുത്തപടി 11350ഉം ഉണ്ട കൊപ്രക്ക് 13500 ആയിരുന്നു ഈ മാസം 10ലെ വില.മാത്രമല്ല ഇടവിള കൃഷി ഇല്ലാത്തതും തെങ്ങുകള്‍ വിവിധ അസുഖങ്ങള്‍ ബാധിച്ച് നശിക്കുന്നതും ഉല്‍പാദനം കുറയാൻ കാരണമായി കർഷകർ ചൂണ്ടിക്കാട്ടുന്നു