Banner Ads

റസീന ആത്മഹത്യ ചെയ്ത സംഭവത്തിൽ ;പൊരുത്തക്കേടുകൾ മണക്കുന്നു

കൂത്തുപറമ്പ് പറമ്പായിൽ റസീന (40) ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായവർ നിരപരാധികളാണെന്ന് റസീനയുടെ ഉമ്മ ഫാത്തിമ. അറസ്റ്റിലായവർ റസീനയുടെ അടുത്ത ബന്ധുക്കളാണെന്നും, അവർ യാതൊരു പ്രശ്നക്കാരല്ലെന്നും ഫാത്തിമ പറയുന്നു. റസീന ഒരു യുവാവിനൊപ്പം കാറിൽ സഞ്ചരിക്കുന്നത് കണ്ടപ്പോൾ, കാറിൽ നിന്നിറക്കി സ്കൂട്ടറിൽ വീട്ടിലെത്തിക്കുക മാത്രമാണ് ഇവർ ചെയ്തതെന്നും ഫാത്തിമ മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നാൽ, ഫാത്തിമയുടെ ഈ വിശദീകരണത്തിൽ പല പൊരുത്തക്കേടുകളുണ്ടെന്ന് സൂചന .

റസീനയ്ക്ക് ഒരു യുവാവുമായി അടുപ്പമുണ്ടായിരുന്നതായും, അയാൾ റസീനയെ സാമ്പത്തികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നും ഫാത്തിമ ആരോപിച്ചു. മൂന്ന് വർഷത്തോളമായി ഈ ബന്ധം നിലനിന്നിരുന്നതായി ഇപ്പോൾ മാത്രമാണ് തങ്ങൾക്ക് അറിയാൻ കഴിഞ്ഞതെന്നും അവർ പറഞ്ഞു. വിവാഹസമയത്ത് നൽകിയ നാൽപ്പതോളം പവൻ സ്വർണം റസീനയുടെ കൈവശം ഉണ്ടായിരുന്നില്ലെന്നും, പലരിൽ നിന്നും കടം വാങ്ങിയിട്ടുണ്ടെന്നും ഫാത്തിമ കൂട്ടിച്ചേർത്തു. ഈ പണവും സ്വർണവും യുവാവാണ് കൈക്കലാക്കിയതെന്നാണ് ഫാത്തിമയുടെ ആരോപണം.

റസീനയുടെ ഭർത്താവ് മാന്യനായ വ്യക്തിയാണെന്നും, അദ്ദേഹത്തിന് ഈ കാര്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും ഫാത്തിമ വ്യക്തമാക്കി. മയ്യിൽ സ്വദേശിയായ യുവാവിനെതിരെ പോലീസിൽ പരാതി നൽകുമെന്നും അവർ അറിയിച്ചു.ഫാത്തിമയുടെ വിശദീകരണത്തിൽ ചില പ്രധാന പൊരുത്തക്കേടുകളുണ്ട്. റസീനയുടെ വിവാഹം കഴിഞ്ഞിട്ട് പതിനെട്ട് വർഷത്തോളമായ സാഹചര്യത്തിൽ, അന്ന് ലഭിച്ച സ്വർണം ഇപ്പോൾ പരിചയപ്പെട്ട ആൺസുഹൃത്തിന് നൽകി എന്നത് വിചിത്രമായി തോന്നാം. കൂടാതെ, റസീനയുടെ ആത്മഹത്യാക്കുറിപ്പിൽ തന്റെ മരണവുമായി ആൺസുഹൃത്തിന് ബന്ധമില്ലെന്ന് സൂചിപ്പിച്ചിട്ടുള്ളതായും വിവരങ്ങളുണ്ട്.

എന്നിരുന്നാലും, പോലീസ് ആൺസുഹൃത്തിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്തിയ ശേഷമേ തുടർനടപടികൾ സ്വീകരിക്കൂ. ആൺസുഹൃത്തിനെയും റസീനയെയും ഒരുമിച്ച് കണ്ടപ്പോൾ ബന്ധുക്കളുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായി എന്ന് ഫാത്തിമ സമ്മതിക്കുന്നുണ്ട്.സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി ഉന്നയിച്ച ‘താലിബാൻ വാദത്തെ’ തള്ളിക്കൊണ്ടാണ് ഫാത്തിമയും അവരുടെ ഭർത്താവും രംഗത്തെത്തിയിരിക്കുന്നത്. റസീനയുടെ അച്ഛൻ എ. മുഹമ്മദും അമ്മ ഫാത്തിമയും സിപിഎം അംഗങ്ങളാണ്.

അതിനാൽ ഈ വിഷയത്തിൽ സിപിഎം ഔദ്യോഗികമായി എടുക്കുന്ന നിലപാട് നിർണായകമാണ്. എന്നാൽ, ഈ വിഷയത്തിൽ സിപിഎം പരസ്യമായ ഒരു നിലപാട് പ്രഖ്യാപിക്കാൻ സാധ്യതയില്ലെന്നാണ് സൂചന.കഴിഞ്ഞ ഞായറാഴ്ചയാണ് റസീനയെ യുവാവിനൊപ്പം കണ്ടതും ബന്ധുക്കൾ ഇടപെട്ടതും. ചൊവ്വാഴ്ച റസീനയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പറമ്പായി സ്വദേശികളായ വി.സി. മുബഷീർ (28), കെ.എ. ഫൈസൽ (34), വി.കെ. റഫ്നാസ് (24) ഇവരെയാണ് ഈ വിഷയത്തിൽ അറസ്റ്റ് ചെയ്തത്.

ഇവർ എസ്ഡിപിഐ പ്രവർത്തകരാണെന്ന് പോലീസ് അറിയിച്ചു. യുവാവിനെ ആൾക്കൂട്ട വിചാരണയ്ക്ക് വിധേയനാക്കുകയും മർദിക്കുകയും ചെയ്തുവെന്ന ആരോപണമുയർന്നിരുന്നു. പോലീസും ഇത് ഏകദേശം സ്ഥിരീകരിച്ചിട്ടുണ്ട്. ആൺസുഹൃത്തുമായി പ്രശ്നങ്ങളുള്ളതായി ആത്മഹത്യാക്കുറിപ്പിൽ സൂചനകളില്ലാത്ത സാഹചര്യത്തിൽ, ഈ സൗഹൃദത്തെ ചോദ്യം ചെയ്തതും പൊതുസമൂഹത്തിൽ അപമാനിച്ചതുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന സംശയം കൂടുതൽ ബലപ്പെടുകയാണ്. റസീനയുടെ ഭർത്താവ് ഗൾഫിലാണ്, മരണവിവരമറിഞ്ഞ് അദ്ദേഹം നാട്ടിലെത്തിയിട്ടുണ്ട്.