Banner Ads

വിദ്യാർത്ഥികളെ പാറ്റകൾ എന്ന് വിളിച്ച സംഭവം; ചീഫ് ജസ്റ്റിസിനും കേന്ദ്രത്തിനുമെതിരെ കടുപ്പിച്ച് സിപിഐ

ന്യൂഡൽഹി : നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികളെ പാറ്റകൾ എന്ന് വിശേഷിപ്പിച്ച ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിനെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

സുപ്രീം കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകണമെന്നും അല്ലാതെ അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും തലത്തിലേക്ക് തരം താഴരുതെന്നും ബിനോയ് വിശ്വം പറഞ്ഞു.

നീറ്റ് പരീക്ഷയിൽ സുതാര്യത ഉറപ്പാക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥികളും സിജെപിയും നടത്തുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ വിദ്യാർത്ഥികളുടെയും ജനങ്ങളുടെയും ആശങ്കകളിൽ നീതി ഉറപ്പാക്കാൻ പരമോന്നത കോടതിക്ക് സമയമില്ലെങ്കിൽ പിന്നെ എന്തിനാണ് സമയമുള്ളതെന്ന് ബിനോയ് വിശ്വം ചോദിച്ചു.

സമരക്കാരെ പാറ്റകൾ എന്ന് വിളിച്ചതിലൂടെ ചീഫ് ജസ്റ്റിസ് തന്നെ പുതിയ പ്രതിഷേധങ്ങൾക്ക് തീ കൊളുത്തുകയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ദില്ലി ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്.

ഇതിനിടെ പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ദില്ലി പോലീസ് ക്രൂരമായ അക്രമമാണ് അഴിച്ചുവിട്ടത്.