
കൊച്ചി : നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയ്ക്കും ക്രമക്കേടുകൾക്കുമെതിരെ ഡൽഹിയിൽ വിദ്യാർത്ഥികൾ നടത്തുന്ന സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റാപ്പർ വേടൻ. ഇതിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കൊച്ചി പനമ്പള്ളി നഗർ സെൻട്രൽ പാർക്കിൽ പാട്ടും പറച്ചിലുമായി പ്രതിഷേധ സംഗമം സംഘടിപ്പിക്കും.
ഗബ്രി അടക്കമുള്ള നിരവധി റാപ്പ് ഗായകരും പരിപാടിയിൽ അണിനിരക്കും. നമ്മുടെ രാജ്യതലസ്ഥാനത്ത് നീറ്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് നീതി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തുന്ന സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന കേന്ദ്ര നടപടിയ്ക്കെതിരെയാണ് ഞങ്ങൾ ഒന്നിക്കുന്നത്.
എല്ലാ ജനാധിപത്യ വിശ്വാസികളെയും ക്ഷണിക്കുന്നു-വേടൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. അതേസമയം പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനൊടുവിൽ നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
എപ്പോൾ വേണമെങ്കിലും വിഷയത്തിൽ ചർച്ചയാകാമെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർളയും പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും അറിയിച്ചു. എന്നാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കാതെ ചർച്ചയ്ക്ക് പ്രസക്തിയില്ലെന്നും മന്ത്രി രാജിവെക്കും വരെ പ്രതിഷേധം തുടരുമെന്നും കോൺഗ്രസ് അറിയിച്ചു.
പ്രധാനമന്ത്രിയുടെ വസതി ഉപരോധിച്ച രാഹുൽ ഗാന്ധിയെ പോലീസ് കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് എംപിമാർ കറുത്ത വസ്ത്രമണിഞ്ഞാണ് പാർലമെന്റിലെത്തിയത്.