
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിക്കെതിരെ മഹിളാമോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. ജാൻമണിക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.
ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസാരിക്കവെ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും കുറിച്ച് ജാൻമണി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് ആരോപണം.സോഷ്യൽ മീഡിയയെ ആർക്കും എന്തും വിളിച്ചുപറയാനുള്ള മാർഗ്ഗമായി കാണരുതെന്നും ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നിയമനടപടി അനിവാര്യമാണെന്നും നവ്യ ഹരിദാസ് വ്യക്തമാക്കി.
പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് മഹിളാമോർച്ച ലീഗൽ സെൽ മുഖേന സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി കൈമാറിയത്.