
ബെംഗളൂരു: കർണാടകയിലെ എൻജിനീയറിംഗ്, ആർട്സ്, സയൻസ് കോളേജുകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കായി എച്ച്.ഐ.വി (HIV) പരിശോധനയും കൗൺസിലിംഗും നടത്താൻ സർക്കാർ തീരുമാനിച്ചു. യുവാക്കൾക്കിടയിൽ രോഗബാധ അതിവേഗം വർധിക്കുന്ന സാഹചര്യത്തിലാണ് ഈ നിർണായക നീക്കം.കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റിയുടെ അഭ്യർത്ഥനയെ തുടർന്ന് വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയും (VTU) കോളേജിയറ്റ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റും ഇതിനായുള്ള നടപടികൾ ആരംഭിച്ചു.
പ്രത്യേക ഹെൽത്ത് ക്യാമ്പുകൾ വഴിയാകും പരിശോധനയും കൗൺസിലിംഗും നടപ്പിലാക്കുക. പദ്ധതിയുമായി പൂർണ്ണമായി സഹകരിക്കാൻ കോളേജ് പ്രിൻസിപ്പൽമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.വിദ്യാർത്ഥികളുടെ പരിശോധനാ വിവരങ്ങളുടെ സ്വകാര്യത പൂർണ്ണമായും സംരക്ഷിക്കും.ഇതിനായി ‘Know Your HIV Status’ എന്ന പേരിൽ പ്രത്യേക QR കോഡ് അധിഷ്ഠിത മൊബൈൽ ആപ്പും ആരോഗ്യ വകുപ്പ് സജ്ജമാക്കും.ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോധവൽക്കരണം ശക്തമാക്കാൻ യു.ജി.സിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും നൽകിയ നിർദ്ദേശത്തിന്റെ ഭാഗമായാണ് നടപടി.
നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ (NACO) കണക്കുകൾ പ്രകാരം രാജ്യത്ത് എച്ച്.ഐ.വി ബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് കർണാടകം.സംസ്ഥാനത്ത് ആകെ 2.6 ലക്ഷം എച്ച്.ഐ.വി ബാധിതരുണ്ട്.ഇതിൽ 54,000-ത്തോളം പേർ തങ്ങൾക്ക് രോഗബാധയുണ്ടെന്ന കാര്യം തിരിച്ചറിയാത്തവരാണ്.18-നും 35-നും ഇടയിൽ പ്രായമുള്ളവരിൽ രോഗവ്യാപനം ഭയപ്പെടുത്തുന്ന രീതിയിലാണ് ഉയരുന്നത്. 2023-24ൽ ഈ പ്രായപരിധിയിൽ 44,500 പേർക്ക് രോഗം കണ്ടെത്തിയെങ്കിൽ, ഇപ്പോൾ അത് 66,000 ആയി ഉയർന്നു.
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധവും വർധിച്ചുവരുന്ന ലഹരി ഉപയോഗവുമാണ് യുവാക്കൾക്കിടയിൽ രോഗബാധ കൂടാൻ പ്രധാന കാരണം.ആദ്യഘട്ടത്തിൽ തന്നെ രോഗം തിരിച്ചറിയുന്നത് വഴി രോഗവ്യാപനം തടയാനും കൃത്യമായ ചികിത്സ ഉറപ്പാക്കാനും സാധിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.