ആലപ്പുഴ: മാവേലിക്കര താമരക്കുളം ഗ്രാമപഞ്ചായത്തിലെ വേടരപ്ലാവ് തറയിൽ ജാനകി (97)യുടെ വീടാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് തീപിടിത്തത്തിൽ നശിച്ചത്. കല്ല് കെട്ടി ഓട് മേഞ്ഞിരുന്ന രണ്ട് മുറികളുള്ള വീടിൻ്റെ അടുക്കളമുറിയും സാധന സാമഗ്രികളും പൂർണ്ണമായും കത്തി നശിച്ചു. ജാനകിയും മകൾ പത്മിനിയുമായിരുന്നു ഇവിടെ താമസം. സംഭവ സമയം ജാനകി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അതി ദരിദ്രരുടെ പട്ടികയിലുള്ള വയോധികയാണ് ജാനകി. സംഭവത്തിൽ ആളപായമില്ല. കായംകുളത്ത് നിന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. തുടർന്ന് ഇവരെ ബന്ധു വീട്ടിലേയ്ക്ക് മാറ്റുകയും ഗ്രാമപഞ്ചായത്തിൻ്റെ അടിയന്തിര സഹായം നൽകുകയും ചെയ്തു