Banner Ads

ഇന്ന് ഇറാൻ ആണ് നോട്ടപ്പുള്ളിയെങ്കിൽ നാളെ മറ്റൊരു രാഷ്ട്രം ; ഇറാനും അമേരിക്കൻ കഴുകൻ കണ്ണുകളും

ഇന്ന് ഇറാനാണ് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നോട്ടപ്പുള്ളിയെങ്കിൽ, നാളെ മറ്റൊരു പരമാധികാര രാഷ്ട്രം അതേ വിധിക്ക് ഇരയാകുമെന്നത് ചരിത്രം നമുക്ക് നൽകുന്ന പാഠമാണ്. ഇറാഖിനെ തകർത്ത് തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവ സർക്കാരിനെ പ്രതിഷ്ഠിച്ച അതേ തന്ത്രമാണ് അമേരിക്ക ഇപ്പോൾ ഇറാനോടും പ്രയോഗിക്കാൻ ശ്രമിക്കുന്നത്. ഇസ്രായേലിനെ മുന്നിൽ നിർത്തി കരുക്കൾ നീക്കിയ അമേരിക്കയുടെ യഥാർത്ഥ അജണ്ട ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുന്നു. ഇറാൻ-ഇസ്രായേൽ സംഘർഷം, അമേരിക്ക കൂടി നേരിട്ട് പങ്കാളിയാകുന്ന ഒരു വലിയ യുദ്ധത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഭീതിജനകമായ സാഹചര്യമാണിപ്പോൾ നിലവിലുള്ളത്.

ഈ നിർണ്ണായക ഘട്ടത്തിലും, കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങളും സംഘപരിവാർ പ്രൊഫൈലുകളും ഇറാനെതിരെ രക്തദാഹത്തോടെ പ്രതികരിക്കുന്നത് ഖേദകരമാണ്. പാശ്ചാത്യ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന നുണക്കഥകളെ കണ്ണടച്ച് വിശ്വസിച്ച് പ്രചരിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്. മുൻകാലങ്ങളിൽ ഇന്ത്യ-പാക് സംഘർഷം ഉണ്ടായപ്പോൾ ഇസ്രായേൽ ഇന്ത്യയെ സഹായിച്ചത് നിങ്ങളുടെ ഇസ്രായേൽ സ്നേഹത്തിന് കാരണമായെങ്കിൽ, അതേ നിലപാട് സ്വീകരിച്ച രാജ്യമാണ് ഇറാനും എന്ന വസ്തുത അവർ സൗകര്യപൂർവ്വം മറക്കുകയാണ്.

ഇന്ത്യയ്ക്കായി സ്വന്തമായി ഒരു തുറമുഖം തന്നെ വിട്ടുകൊടുത്ത, മേഖലയിലെ തന്ത്രപ്രധാനമായ ഒരു പങ്കാളി കൂടിയാണ് ഇറാൻ.ഇറാനിലെ ചബഹാർ ഷാഹിദ് ബെഹെഷ്തി തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല ഇന്ത്യയ്ക്ക് കൈമാറിക്കൊണ്ട്, ഇറാൻ ഇന്ത്യയുമായുള്ള ബന്ധത്തിന്റെ ആഴം തെളിയിച്ചു. തന്ത്രപ്രധാനമായ ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല ഇന്ത്യ ഏറ്റെടുക്കുന്നത് ചരിത്രത്തിൽത്തന്നെ ആദ്യമായാണ്. ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ തമ്മിലുള്ള ത്രികക്ഷി വ്യാപാരത്തിനും വാണിജ്യത്തിനും ചബഹാർ തുറമുഖം നിർണ്ണായകമായ ഒരു കണ്ണിയാണ്.

ഇറാനെതിരായ അമേരിക്കൻ ഉപരോധം ചബഹാർ തുറമുഖത്തിന്റെ വികസനത്തെ ഒരു പരിധി വരെ മന്ദഗതിയിലാക്കിയിരുന്നെങ്കിലും, ഉപരോധങ്ങളെ വകവയ്ക്കാതെ ഇന്ത്യ ഇറാനുമായി സഹകരിച്ച് തുറമുഖത്തിന്റെ വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോയി. ഈ തന്ത്രപ്രധാനമായ നീക്കം ചൈനയ്ക്കും പാക്കിസ്ഥാനുമാണ് ഇപ്പോൾ കനത്ത തിരിച്ചടിയായിരിക്കുന്നത്.

ചൈന-പാക് സാമ്പത്തിക ഇടനാഴിയെയും അറബിക്കടലിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെയും നേരിടാൻ ചബഹാർ തുറമുഖം ഇന്ത്യക്ക് ഏറെ പ്രയോജനകരമാകുമെന്നാണ് നയതന്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അറബിക്കടലിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുക എന്ന ഒരു കാര്യം ലക്ഷ്യമിട്ടാണ് പാകിസ്ഥാനിലെ ഗ്വാദർ തുറമുഖത്തിന്റെ വികസനം ചൈന ഏറ്റെടുത്തിരുന്നത്. ചബഹാർ തുറമുഖത്തുനിന്ന് കേവലം 72 കിലോമീറ്റർ മാത്രം അകലെയാണ് ഗ്വാദർ തുറമുഖം എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യയ്ക്ക് ചുറ്റും ശത്രുക്കൾ പെരുകുന്ന സാഹചര്യത്തിൽ, ഇറാൻ സ്വന്തം തുറമുഖം വിട്ടുകൊടുത്തത് മറന്ന് ഇറാനെതിരെ ഉറഞ്ഞുതുള്ളുന്നത് സാമാന്യമര്യാദയ്ക്ക് നിരക്കാത്ത നടപടിയാണ്. ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ ഒരു പക്ഷവും ഇന്ത്യ ഇതുവരെ പിടിച്ചിട്ടില്ല എന്ന ദേശീയ നിലപാടെങ്കിലും സംഘപരിവാർ പ്രൊഫൈലുകൾ അംഗീകരിക്കേണ്ടതുണ്ട്.

ഇസ്രായേൽ എന്തിനാണ് ഇറാനെ ആക്രമിച്ചതെന്നതിന് ലോകജനതയ്ക്ക് ബോധ്യപ്പെടുന്ന ഒരു മറുപടിയും ഇതുവരെ ഇസ്രായേലിനും അമേരിക്കയ്ക്കും നൽകാൻ കഴിഞ്ഞിട്ടില്ല. നിരവധി രാജ്യങ്ങളിലെ ഭരണം അട്ടിമറിച്ച അമേരിക്ക, ഇറാനിലും ഭരണം അട്ടിമറിക്കാനും ഒരു പാവ സർക്കാരിനെ വാഴിക്കാനുമാണ് ഇത്തരം നീചമായ പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്നത്. മുൻപ് ഇറാഖിൽ ചെയ്തതിന്റെ മറ്റൊരു പതിപ്പാണിത്. ഇത്തവണ ഇസ്രായേലിനെ മുൻനിർത്തിയാണ് അമേരിക്ക കളിച്ചിരിക്കുന്നത്.

ഇന്ന് ഇറാനാണെങ്കിൽ, നാളെ മറ്റൊരു രാജ്യം അമേരിക്കയുടെ ലക്ഷ്യമിട്ടുവരും. അമേരിക്കൻ ആയുധ വിപണി അവരുടെ ഭരണത്തെ നിയന്ത്രിക്കുന്നിടത്തോളം കാലം ഈ പ്രവണത തുടരുക തന്നെ ചെയ്യും.ഇന്ത്യയ്ക്ക് ചുറ്റും ശത്രുക്കൾ പെരുകുന്ന സാഹചര്യത്തിൽ, ഇറാൻ സ്വന്തം തുറമുഖം വിട്ടുകൊടുത്തത് മറന്ന് ഇറാനെതിരെ ഉറഞ്ഞുതുള്ളുന്നത് സാമാന്യമര്യാദയ്ക്ക് നിരക്കാത്ത നടപടിയാണ്. റഷ്യ-യുക്രെയ്ൻ സംഘർഷം പോലും അമേരിക്ക സൃഷ്ടിച്ചത് അവരുടെ സാമ്പത്തിക താൽപ്പര്യങ്ങളും ആയുധ വിപണിയുടെ സമ്മർദ്ദവും കാരണമാണ്. നാറ്റോ അംഗമാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുക്രെയ്നെ രംഗത്തിറക്കിയ അമേരിക്ക, ഒടുവിൽ റഷ്യ അമേരിക്കയെയും ലക്ഷ്യമിടുമെന്ന് കണ്ടപ്പോൾ പതുക്കെ പിൻവാങ്ങുകയായിരുന്നു.

ഇറാൻ-ഇസ്രായേൽ അമേരിക്ക ഇടപെട്ടാലും ഇതേ സാഹചര്യം തന്നെ സംഭവിക്കും. റഷ്യ ഇറാനെ സഹായിക്കാൻ നേരിട്ട് രംഗത്തിറങ്ങുന്ന ഒരു ഘട്ടം വന്നാൽ, അമേരിക്കയുടെ എല്ലാ കണക്കുകൂട്ടലുകളും അതോടെ തെറ്റും.1971-ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധസമയത്ത് പാകിസ്ഥാനെ സഹായിക്കാൻ വന്ന അമേരിക്കയ്ക്കും അന്ന് കണക്കുകൂട്ടലുകൾ തെറ്റിയിട്ടുണ്ട്. ഇന്ത്യയെ ആക്രമിക്കാൻ ഏഴാം കപ്പൽ പടയെ അയച്ച അമേരിക്കയെ അന്ന് തുരത്തിയോടിച്ചത് സോവിയറ്റ് യൂണിയനാണ്. ലോകത്ത് ഏത് രാജ്യത്തെ വിശ്വസിച്ചാലും ഒരിക്കലും വിശ്വസിക്കാൻ കൊള്ളാത്ത രാജ്യമാണ് അമേരിക്ക. അവിടെ ഏത് പ്രസിഡന്റ് വന്നാലും അവരുടെ നയങ്ങളും നിലപാടുകളും മാറുകയില്ല. ചരിത്രവും അതുതന്നെയാണ് തെളിയിക്കുന്നത്.

ഇറാൻ ആണവായുധം ഉണ്ടാക്കാതിരിക്കാനാണ് ഇപ്പോഴത്തെ ആക്രമണമെന്ന് പറയുന്ന അമേരിക്ക, ഇസ്രായേലിന് ആണവായുധം ഉണ്ടാക്കാമെങ്കിൽ എന്തുകൊണ്ട് ഇറാനുമത് ഉണ്ടാക്കിക്കൂടാ എന്ന ചോദ്യത്തിന് മറുപടി പറയേണ്ടതുണ്ട്. ലോകത്തെ മറ്റൊരു രാജ്യവും ചെയ്യാത്ത തരത്തിൽ, ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിലൂടെ ഉന്നതരെ വധിക്കുന്നത് ഒരുതരം ഭീകരപ്രവർത്തനം തന്നെയാണ്. മുൻപ് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ വധിച്ചതും ഇപ്പോൾ ഇറാനിലെ ഉന്നതരെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളും ഭീകരാക്രമണങ്ങൾ തന്നെയാണ്. ഈ പോക്ക് പോയാൽ, നാളെ ലോകത്തെ ഏത് ഉന്നതനെയും ഇസ്രായേലിന്റെ ചാര സംഘടനയായ മൊസാദ് വധിക്കും.

ഇറാനിലെ എല്ലാ ആക്രമണങ്ങളുടെയും പിന്നിൽ പ്രവർത്തിച്ച മൊസാദിന്റെ ആസ്ഥാനമാണ് ഇറാൻ ഇപ്പോൾ ആക്രമിച്ച് ചാമ്പലാക്കിയിരിക്കുന്നത്. അതാകട്ടെ, അനിവാര്യമായ ഒരു തിരിച്ചടിയായിരുന്നു.വ്യക്തിയായാലും രാജ്യങ്ങളായാലും, വിശ്വസിച്ചവരെ ചതിക്കുന്ന കാലമാണിത്. സ്വന്തമായി ശക്തി ആർജ്ജിക്കുക എന്നത് മാത്രമാണ് ഇതിനുള്ള ഏക പോംവഴി. ആ വഴിയിലൂടെ ഇറാൻ സഞ്ചരിച്ചപ്പോഴാണ് ആ രാജ്യം ആക്രമിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഏതു രൂപത്തിലായാലും തിരിച്ചടിക്കാനുള്ള അവകാശം ഇറാനുണ്ട്. ഇന്ത്യയ്ക്ക് ലോകത്ത് എക്കാലത്തും വിശ്വസിക്കാൻ പറ്റാവുന്ന പങ്കാളി റഷ്യ മാത്രമാണ്.

ആപത്തുകാലത്ത് ഇന്ത്യയ്ക്ക് ഒപ്പം നിന്ന ചരിത്രമാണ് സോവിയറ്റ് യൂണിയന്റെ കാലം മുതൽ റഷ്യയ്ക്കുള്ളത്. ആ റഷ്യയും ഇപ്പോൾ ഇറാനോപ്പമാണ്. ഇസ്രായേലിന്റെ നെഞ്ച് പിളർന്ന ഹൈപ്പർസോണിക് മിസൈൽ ഉപയോഗിക്കാൻ ഇറാനു സാങ്കേതിക സഹായം നൽകിയിരിക്കുന്നതും റഷ്യ തന്നെയാണെന്നതും നാം ഓർക്കേണ്ടതുണ്ട്. ഇതേ റഷ്യയുടെ S-400 എന്ന മിസൈൽ പ്രതിരോധ സംവിധാനമാണ് ഇന്ത്യയ്ക്ക് എതിരായ പാകിസ്ഥാന്റെ ആക്രമണങ്ങളെയും തടഞ്ഞു നിർത്തിയിരുന്നത്.

ഇതേ പാകിസ്ഥാന്റെ സൈനിക മേധാവിക്ക് വൈറ്റ് ഹൗസിൽ ഭക്ഷണം നൽകിയാണ്, ഇറാനെതിരായ നീക്കത്തിന് ഇപ്പോൾ അമേരിക്കൻ പ്രസിഡന്റ് പാകിസ്ഥാനെ ഒപ്പം നിർത്തിയിരിക്കുന്നത്. അതായത്, പാകിസ്ഥാൻ കൂടി പിന്തുണയ്ക്കുന്ന അമേരിക്കയാണ് ഇറാനു നേരെ പുതിയ പോർമുഖം ഇസ്രായേലിനുവേണ്ടി തുറന്നിരിക്കുന്നത് എന്നതും ഇതിൽ നിന്നും വ്യക്തമാണ്. ഇറാനു വേണ്ടി സാമൂഹിക മാധ്യമങ്ങളിൽ യുദ്ധം ചെയ്യുന്നവർ, ഇറാൻ-ഇസ്രായേൽ പോരാട്ടമുഖത്തെ ഈ പുതിയ വഴിത്തിരിവും കാണാതെ പോകരുത്.

ഒറ്റയ്ക്ക് നിന്ന് വമ്പൻ ശക്തികളോട് പോരാടുന്നത് പുതിയ കാലത്ത് വലിയ ചങ്കൂറ്റമാണ്. ആ ചങ്കൂറ്റമാണ് ഇറാൻ ഇപ്പോൾ കാണിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ, പൊരുതുന്ന മനസ്സുകളിൽ, ഇറാനും അവരെ നയിക്കുന്ന പരമോന്നത നേതാവും വലിയ സംഭവം തന്നെയാണ്. യുദ്ധഭൂമിയിൽ പിടഞ്ഞുവീണ് മരിച്ചാലും അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നിൽ കീഴടങ്ങില്ലെന്ന ഇറാൻ സൈന്യത്തിന്റെയും ആയത്തുള്ള ഖമേനിയുടെയും ഉറച്ച പ്രഖ്യാപനം അവരുടെ പോരാട്ടവീര്യത്തെ തുറന്നുകാട്ടുന്നതാണ്. അതിനു മുന്നിൽ ഇറാനോട് അഭിപ്രായവ്യത്യാസമുള്ളവർ പോലും നമിച്ചുപോകും. അതാകട്ടെ സ്വാഭാവികവുമാണ്.