Banner Ads

കനത്ത മഴ: ഇടുക്കിയിൽ രാത്രിയാത്രാ നിരോധനം; മൂന്നാറിൽ ഗതാഗത നിയന്ത്രണം

ഇടുക്കി : ജില്ലയിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ജാഗ്രതാനിർദേശവും നിയന്ത്രണങ്ങളും ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. മലയോര മേഖലകളിൽ വൈകിട്ട് ഏഴ് മണി മുതൽ രാവിലെ ആറ് മണി വരെ രാത്രിയാത്ര നിരോധിച്ചു. മഴ മുന്നറിയിപ്പുകൾ പിൻവലിക്കുന്നത് വരെ ജില്ലയിലെ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിക്കരുതെന്നും നിർദേശമുണ്ട്.

മണ്ണിടിച്ചിൽ സാധ്യത പരിഗണിച്ച് പഴയ മൂന്നാറിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ടൗണിലേക്ക് പോകുന്ന വാഹനങ്ങൾ സിഎസ്ഐ പള്ളിക്ക് സമീപത്തുനിന്ന് ഗ്യാപ്പ് റോഡ് വഴി തിരിഞ്ഞ് പൊലീസ് സ്റ്റേഷന് അടുത്തുള്ള പാലം കടന്നു വേണം ടൗണിൽ എത്താൻ.

അടിമാലി പഴമ്പള്ളിച്ചാലിൽ ഉരുൾപൊട്ടൽ ഭീഷണിയുള്ളതിനാൽ അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. അടിമാലിയിൽ മഴയ്ക്ക് നേരിയ കുറവുണ്ടെങ്കിലും നേര്യമംഗലം – വാളറ പാതയിൽ സഞ്ചരിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണു.

അതേസമയം സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 40 കി.മീ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്.