
തിരുവനന്തപുരം: ശബരിമലയിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട അനിയന്ത്രിതമായ തിരക്കിൽ ഭക്തർക്കുണ്ടായ ദുരിതത്തിൽ ക്ഷമ ചോദിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. സന്നിധാനത്ത് ദർശനം നടത്താൻ കഴിയാതെ മാല ഊരി മടങ്ങിയ ഭക്തരോട് പരസ്യമായി മാപ്പ് ചോദിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.തിരക്ക് നിയന്ത്രിക്കുന്നതിനുള്ള ഏകോപനത്തിൽ ചെറിയ പ്രശ്‌നം സംഭവിച്ചതാണ് ബുദ്ധിമുട്ടുണ്ടാകാൻ കാരണം.
ആദ്യ ദിനങ്ങളിൽ ഇത്രയധികം തിരക്ക് ആരും പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ ദിവസമുണ്ടായ തിരക്ക് ഇനി ആവർത്തിക്കില്ല.പൊതുനന്മയെക്കരുതി ചില നിയന്ത്രണങ്ങൾ കർശനമാക്കിയേ തീരൂ. പമ്പയിലും നിലയ്ക്കലിലും നിയന്ത്രണങ്ങൾ കൊണ്ടുവരും.ഭക്തർ ബുക്ക് ചെയ്ത ദിവസങ്ങളിൽ മാത്രം ശബരിമലയിലേക്ക് എത്തണം. ഇതിനായി എല്ലാ ഭാഷകളിലും പരസ്യം നൽകും.മുൻ ബോർഡിന് വീഴ്ച പറ്റിയെന്ന് താൻ പറഞ്ഞിട്ടില്ലെന്നും, ചില തീരുമാനങ്ങൾ പ്രായോഗിക തലത്തിൽ വന്നില്ലെന്നുമാണ് പറഞ്ഞതെന്നും ജയകുമാർ കൂട്ടിച്ചേർത്തു.
അതേസമയം, ശബരിമലയിൽ കഴിഞ്ഞ ദിവസമുണ്ടായ അനിയന്ത്രിതമായ തിരക്കിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതി ശക്തമായ വിമർശനം ഉന്നയിച്ചു.എന്തുകൊണ്ട് ഏകോപനം ഉണ്ടായില്ല?” എന്ന് ചോദിച്ച കോടതി, ഒരു ദുരന്തം വരുത്തിവയ്ക്കരുതെന്നും താക്കീത് നൽകി.സന്നിധാനത്ത് ഇന്നലെ ഏകോപനം ഉണ്ടായില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ദേവസ്വം ബോർഡിനെ ഹൈക്കോടതി വിമർശിച്ചത്.