
വരാപ്പുഴ: എറണാകുളം വരാപ്പുഴയിൽ ഭാര്യയെ ക്രൂരമായി മർദിച്ചശേഷം വീട്ടിൽ വളർത്തുന്ന നായയെക്കൊണ്ട് കടിപ്പിച്ചെന്ന പരാതിയിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലങ്ങാട് കരിങ്ങാംതുരുത്തിൽ മാളോത്ത് പള്ളിക്ക് സമീപം അറയ്ക്കപ്പാട്ട് വീട്ടിൽ സുനിൽ (58) ആണ് പിടിയിലായത്. ഭാര്യ ഷൈനി (55) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വരാപ്പുഴ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.രണ്ടു ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ചിരിക്കുമ്പോഴും അല്ലാത്തപ്പോഴും സുനിൽ തന്നെ പതിവായി മർദിക്കാറുണ്ടെന്ന് ഷൈനിയുടെ പരാതിയിൽ പറയുന്നു.
സംഭവദിവസം സുനിൽ തന്നെ മുഖത്തടിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്ത ശേഷം വീട്ടിൽ വളർത്തുന്ന പിറ്റ്ബുൾ (Pitbull) ഇനത്തിൽപ്പെട്ട നായയെക്കൊണ്ട് കടിപ്പിച്ചെന്നാണ് ഷൈനി പൊലീസിന് മൊഴി നൽകിയത്.മുഖത്തേറ്റ അടിയിൽ ഷൈനിയുടെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ട്. നായയുടെ കടിയേറ്റതിനെ തുടർന്ന് പറവൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടിയ ഇവർക്ക് പ്രതിരോധ കുത്തിവെപ്പും എടുക്കേണ്ടിവന്നു.നേരത്തെ ഷൈനിയുടെ മൊബൈൽ ഫോൺ സുനിൽ എറിഞ്ഞുതകർത്തിരുന്നു.
ഇക്കാര്യം സുനിലിന്റെ സുഹൃത്തുക്കളോട് പറഞ്ഞതിലുള്ള വൈരാഗ്യമാണ് ക്രൂരമായ മർദനത്തിന് കാരണമായതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
ചേന്നൂർ സ്വദേശിനിയായ ഷൈനിയുടെ രണ്ടാം വിവാഹമാണ് സുനിലുമായുള്ളത്. പരാതി ലഭിച്ചതിന് പിന്നാലെ അന്വേഷണം നടത്തിയ വരാപ്പുഴ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.