
ദില്ലി : ചെങ്കോട്ട സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച കാർ ഓടിച്ചത് ഫരീദാബാദ് ഭീകരസംഘത്തിൽ ഉൾപ്പെട്ട ഡോക്ടർ ഉമർ മുഹമ്മദ് ആണെന്ന് സ്ഥിരീകരിച്ച് ദില്ലി പൊലീസ്. ഫരീദാബാദ് ഭീകരസംഘം പിടിയിലായതോടെ അവരുടെ കൂട്ടാളിയായ ഡോക്ടർ ഉമർ മുഹമ്മദ് ആണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഡോക്ടർ ഉമർ മുഹമ്മദിന്റെ കശ്മീരിലെ വീട്ടിലെത്തിയ പൊലീസ് ഉമറിന്റെ അമ്മയെയും സഹോദരനെയും കസ്റ്റഡിയിലെടുത്തു. ഉമറിന് ഏതെങ്കിലും ഭീകരസംഘങ്ങളുമായി ബന്ധമുള്ളതായി അറിയില്ലെന്നും വീട്ടിൽ ശാന്തസ്വഭാവിയായിരുന്നുവെന്നും സഹോദരന്റെ ഭാര്യ പറഞ്ഞു. സ്ഫോടനത്തിന്റെ ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി.
ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്നും രാഷ്ട്രത്തിന് ഉറപ്പ് നൽകുകയാണെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു. സുപ്രീംകോടതിയും മരിച്ചവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിച്ചു. സ്ഫോടനത്തിൽ മരണസംഖ്യ 12 ആയി ഉയർന്നു. തിരിച്ചറിഞ്ഞവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി തുടങ്ങി.