
തിരുവനന്തപുരം : സംസ്ഥാനത്തെ ലക്ഷക്കണക്കിന് വീട്ടമ്മമാർക്ക് ആശ്വാസമായിരുന്ന സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിക്ക് തുരങ്കം വെക്കുന്ന യുഡിഎഫ് സർക്കാരിന്റെ നിലപാടിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
നിലവിൽ 16 ലക്ഷത്തിലധികം വീട്ടമ്മമാരുടെ പെൻഷനാണ് സർക്കാരിന്റെ നയപരമായ തീരുമാനങ്ങൾ കാരണം മുടങ്ങിക്കിടക്കുന്നത്. ഏപ്രിൽ, മേയ് മാസങ്ങളിലെ പെൻഷൻ വിതരണം ചെയ്യാനുള്ള ഫയലുകളിൽ തീരുമാനമെടുക്കാതെ ധനവകുപ്പ് പിടിച്ചുവെച്ചിരിക്കുകയാണെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
പാവപ്പെട്ട കുടുംബങ്ങളിലെ 35 മുതൽ 60 വയസ്സ് വരെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ഉറപ്പാക്കുന്ന ഈ പദ്ധതി 2025 ഒക്ടോബറിലാണ് എൽഡിഎഫ് സർക്കാർ ആരംഭിച്ചത്. 3720 കോടി രൂപ ബജറ്റിൽ വകയിരുത്തുകയും കഴിഞ്ഞ മാർച്ച് വരെ കൃത്യമായി പെൻഷൻ വിതരണം ചെയ്യുകയും ചെയ്തിരുന്നു.
രണ്ട് മാസത്തെ പെൻഷൻ കുടിശ്ശികയാക്കിയതിന് പുറമെ പദ്ധതിയിലേക്ക് പുതുതായി അപേക്ഷ സമർപ്പിച്ചവരുടെ കാര്യത്തിലും സർക്കാർ ഒരു തീരുമാനവും എടുക്കാതെ നീട്ടിക്കൊണ്ടുപോവുകയാണ്. ഗൃഹജോലികളിൽ ഏർപ്പെട്ടിരിക്കുന്ന വീട്ടമ്മമാർ രാഷ്ട്രശില്പികളാണെന്നും അവരുടെ അധ്വാനം രാജ്യപുരോഗതിയുടെ ആധാരമാണെന്നും സുപ്രീം കോടതി കഴിഞ്ഞ ജൂൺ 11ന് ചരിത്രപരമായ ഒരു വിധിയിലൂടെ നിരീക്ഷിച്ചിരുന്നു.
സ്ത്രീപക്ഷ സർക്കാരെന്ന് അവകാശപ്പെടുന്നവർ തന്നെ കേരളത്തിന്റെ അഭിമാന പദ്ധതിയെ തകർക്കാൻ രാഷ്ട്രീയ തീരുമാനം കൈക്കൊണ്ടിരിക്കുകയാണെന്നും യുഡിഎഫ് സർക്കാർ ഈ നിലപാട് തിരുത്തണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.