
തിരുവനന്തപുരം : കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അനുമതിയില്ലാതെ പോലീസ് പ്രവേശിച്ച സംഭവത്തിലും വിദ്യഭ്യാസ-കായിക വകുപ്പുകളിലെ തീരുമാനങ്ങളിലും രൂക്ഷവിമർശനവുമായി മുൻ മന്ത്രി വി ശിവൻകുട്ടി. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിയമവിരുദ്ധമായി കയറിയ മുഴുവൻ പോലീസുകാർക്കെതിരെയും നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പോലീസുകാർക്ക് വെറും താക്കീത് നൽകുന്നത് അംഗീകരിക്കാനാകില്ല.
നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് സംരക്ഷണം ലഭിക്കുമെന്ന് ചില പോലീസുകാർ കരുതുന്നത്. ആഭ്യന്തര മന്ത്രി മാറിയതിന്റെ മാറ്റമാണ് പോലീസിൽ ഇപ്പോൾ കാണുന്നതെന്നും സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്താൻ പോലീസിന് എന്തധികാരമാണുള്ളതെന്നും ശിവൻകുട്ടി ചോദിച്ചു. പ്ലസ് ടു വിദ്യാർത്ഥികൾക്ക് അധിക ബാച്ചുകൾ അനുവദിച്ച വിഷയത്തിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും വി ശിവൻകുട്ടി ആരോപിച്ചു.
എയ്ഡഡ് മേഖലയിലാണ് പുതിയ ബാച്ചുകൾ അനുവദിച്ചിരിക്കുന്നത്. അധ്യാപക നിയമന ഇന്റർവ്യൂ ബോർഡിൽ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരെ നിയമിച്ചത് അഴിമതി നടത്താനാണെന്നും 300 കോടി രൂപയുടെ തട്ടിപ്പിനാണ് ഇതിലൂടെ വഴിയൊരുങ്ങുന്നതെന്നും അദ്ദേഹം ആരോപിച്ചു. ലീഗ് നേതാക്കളുടെ സ്കൂളുകൾക്കാണ് പുതിയ ബാച്ചുകൾ നൽകിയിരിക്കുന്നത്.
ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ മാറ്റി നൽകിയാൽ മതിയെന്നിരിക്കെ നിയമിക്കപ്പെട്ട പ്രൈവറ്റ് സെക്രട്ടറിമാർ വിഷയ വിദഗ്ദ്ധരാണോ എന്നും ശിവൻകുട്ടി ചോദിച്ചു. സംസ്ഥാന സ്കൂൾ കായികമേള അലങ്കോലപ്പെട്ടതിനെതിരെ സമരത്തിലേക്ക് കടക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കി. സ്കൂൾ ഒളിമ്പിക്സ് പുനസംഘടിപ്പിച്ചേ മതിയാകൂ. ഇതിനായി കായികതാരങ്ങളെ അണിനിരത്തി വൻ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.