
തൃശൂർ : വടക്കേക്കാട് നായരങ്ങാടി പാലത്തിങ്കൽ ജ്വല്ലറിയിൽ ചുവർ തുരന്ന് കവർച്ച നടത്താൻ ശ്രമിച്ച കേസ് അന്വേഷണത്തിൽ വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയായ പൊന്നാനി കടവനാട് സ്വദേശി മുക്രിയത്ത് കറുപ്പും വീട്ടിൽ അബ്ദുൾ നാസറിനെ (59) പോലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തിനുശേഷം ഒളിവിലായിരുന്ന ഇയാളെ ബെംഗളൂരുവിലെ ഹോട്ടലിൽ നിന്ന് പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.
ജൂലൈ 30ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ജ്വല്ലറിയുടെ പുറകുവശത്തെ ചുവർ കുത്തിത്തുരന്ന് അകത്തുകയറിയ സംഘം മോഷണത്തിന് ശ്രമിച്ചെങ്കിലും ലോക്കറിലെ അലാറം മുഴങ്ങിയതോടെ ശ്രമം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കേസിൽ ഒന്നാം പ്രതി സുഹൈൽ, മൂന്നാം പ്രതി നൗഷാദ് എന്നിവരെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
നിരവധി മോഷണക്കേസുകളിൽ പ്രതിയായ അബ്ദുൾ നാസർ കേസിനുപിന്നാലെ കർണാടകയിലേക്ക് കടക്കുകയായിരുന്നു. ചാവക്കാട് സിഐ എംകെ രമേഷിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ വടക്കേക്കാട് എസ്എച്ച്ഒ ശരത് സോമൻ, എസ്ഐ ബിന്ദുരാജ്, എഎസ്ഐമാരായ കെ സാജൻ, അൻവർ സാദത്ത്, എസ്സിപിഒ ജിതിൻ, സിപിഒ പ്രദീപ് എന്നിവർ പങ്കാളികളായി.