
തിരുവനന്തപുരം : പി എസ് സി സബ് ഇൻസ്പെക്ടർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട 43 ഉദ്യോഗാർത്ഥികൾക്ക് അടിയന്തരമായി നിയമന ഉത്തരവ് നൽകാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ജോലി നഷ്ടപ്പെടുമെന്ന അവസ്ഥയിലായിരുന്ന ഉദ്യോഗാർത്ഥികൾക്ക് വലിയ ആശ്വാസമേകുന്നതാണ് സർക്കാരിന്റെ ഇടപെടൽ. 2025 ജൂൺ 9നാണ് പി എസ് സി സബ് ഇൻസ്പെക്ടർ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഒരു വർഷത്തെ കാലാവധിയുള്ള ഈ ലിസ്റ്റ് 2026 ജൂൺ 9ന് അവസാനിക്കാനിരിക്കുകയായിരുന്നു.
സംസ്ഥാനത്തെ മറ്റ് പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി സർക്കാർ നീട്ടിനൽകിയിരുന്നെങ്കിലും എസ് ഐ റാങ്ക് ലിസ്റ്റിന് ഈ ആനുകൂല്യം ബാധകമായിരുന്നില്ല. ഇതോടെ ജോലി ലഭിക്കാനുള്ള അവസരം പൂർണ്ണമായും നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് ഉദ്യോഗാർത്ഥികൾ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സമീപിച്ച് നിവേദനം നൽകിയത്. പരാതിയില്‍ അടിയന്തിര നടപടിയുണ്ടാകണമെന്നും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പിന് നിര്‍ദേശം നല്‍കുകയുമായിരുന്നു.