Banner Ads

ബ്ലാക്ക്‌മെയിലിങ് കേസ്; വിസ്മയ ന്യൂസ്, ശ്രീ വ്ലോഗ് ചാനൽ പ്രവർത്തകർക്കെതിരെ അടൂർ പൊലീസ് കേസെടുത്തു

പത്തനംതിട്ട : പോക്സോ കേസിൽ പ്രതിയായ യുവാവിന്റെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച ഓൺലൈൻ മാധ്യമ പ്രവർത്തകർ പിടിയിൽ. വിസ്മയ ന്യൂസ് എന്ന യൂട്യൂബ് ചാനലിൽ പ്രവർത്തിക്കുന്ന പത്തനാപുരം സ്വദേശി അഗ്നി (33), കുന്നിക്കോട് സ്വദേശി അനീഷ് എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ശ്രീ വ്ലോഗ് എന്ന ചാനലിന്റെ ഉടമ ശ്രീജിത്ത്, ഇയാളുടെ ഭാര്യ, വിസ്മയ ചാനൽ പ്രവർത്തകനായ റഹീം, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവരുൾപ്പെടെ ആകെ ആറുപേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോക്സോ കേസിലെ പ്രതിയുടെ അച്ഛന്റെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരന്റെ മകൻ കഴിഞ്ഞ ദിവസം പോക്സോ കേസിൽ അറസ്റ്റിലായിരുന്നു.

ഇതിന് പിന്നാലെയാണ് പ്രതികൾ പിതാവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്താൻ തുടങ്ങിയത്. മകന്റെ ഫോണിലെ വീഡിയോ പൊലീസുകാർ മുഖേന തങ്ങൾക്ക് കിട്ടിയിട്ടുണ്ടെന്നും വീഡിയോ പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ പത്ത് ലക്ഷം രൂപ വേണമെന്നും നിരന്തരം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി.

ഒടുവിൽ രണ്ടര ലക്ഷം രൂപ നൽകാമെന്ന് സമ്മതിക്കുകയും തുക കൈമാറാനായി പ്രതികളെ അടൂരിലേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. പണം വാങ്ങാനായി എത്തിയ സംഘത്തിലെ രണ്ട് പേരെ പൊലീസ് പിടികൂടുകയായിരുന്നു. മറ്റു പ്രതികളെയും ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.