
കൊച്ചി : മലയാളികളുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരം ശ്രീവിദ്യ മുല്ലച്ചേരിയും ഭർത്താവും സംവിധായകനുമായ രാഹുൽ രാമചന്ദ്രനും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്.
തങ്ങളുടെ ചെറുതും വലുതുമായ വിശേഷങ്ങൾ ഇവർ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ശ്രീവിദ്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയൊരു വീഡിയോയും അതിന് താഴെ ഭർത്താവ് രാഹുൽ നൽകിയ രസകരമായ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അസുഖം വന്ന് മാറിയതിന് ശേഷം ആകെ പ്രസരിപ്പില്ലാതെ ഇരിക്കുകയായിരുന്നുവെന്നും മൂഡ് മാറ്റാൻ താൻ കുറച്ചധികം ബ്യൂട്ടി പ്രോഡക്ടുകൾ ഓർഡർ ചെയ്ത് വരുത്തിയെന്നുമാണ് ശ്രീവിദ്യ വീഡിയോയിൽ പറയുന്നത്.
തുടർന്ന് ഓരോ പ്രോഡക്ടുകളും താരം അൺബോക്സ് ചെയ്ത് കാണിക്കുന്നുമുണ്ട്. ഈ സമയം പുറകിലായി രാഹുലിനെയും കാണാം. എന്നാൽ വീഡിയോ കണ്ട ചില ആരാധകരുടെ കണ്ണ് ഉടക്കിയത് ബ്യൂട്ടി പ്രോഡക്റ്റുകളിലല്ല. ശ്രീവിദ്യയുടെ തൊട്ടുപിന്നിലെ ഷെൽഫിൽ ഇരുന്ന മദ്യക്കുപ്പികളിലായിരുന്നു.
ഇതോടെ വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളുടെ പൂരമായി. അസുഖം മാറാൻ ഷെൽഫിൽ ഇരിക്കുന്നതിൽ നിന്ന് ഒരെണ്ണം എടുത്ത് അടിച്ചാൽ മതി. ഷോപ്പിങ് ഒന്നും വേണ്ടായിരുന്നു. ആ പിന്നിലിരിക്കുന്ന സാധനം മതി മൂഡ് മാറാൻ എന്നൊക്കെയായിരുന്നു കമന്റുകൾ.
വിഷമം കേൾക്കാൻ വന്നവർ ദയവായി വിഷമം കേട്ടിട്ട് പോകേണ്ടതാണ്. മറിച്ച് മുകളിൽ ഇരിക്കുന്ന സാധനങ്ങൾ ഗിവ് എവേ കൊടുക്കുന്നുണ്ടോ, ഒരെണ്ണം തരാമോ എന്നുള്ള ചോദ്യങ്ങൾ നിരോധിച്ചിരിക്കുന്നു. എനിക്ക് തന്നെ അതിൽ നിന്നുമൊക്കെ ഒരെണ്ണം കിട്ടുന്നത് ആണ്ടിലും സംക്രാന്തിക്കുമാണ്.
ആക്രാന്തത്തോടെ അതിലേക്കുള്ള എന്റെ നോട്ടം കണ്ടപ്പോൾ നിങ്ങൾക്ക് മനസിലായിക്കാണുമെന്ന് വിശ്വസിക്കുന്നു. അല്ലെങ്കിലും പുരുഷന്മാരുടെ സൈനസൈറ്റിസിന് ഒന്നും ഇവിടെ വില ഇല്ലല്ലോ എന്നാണ് ഇത്തരം കമന്റുകൾക്ക് രാഹുൽ നൽകിയ മറുപടി.
ഭാര്യയുടെ വീഡിയോയ്ക്ക് താഴെ വന്ന ട്രോളുകളെ അതേ ഹാസ്യരൂപേണ നേരിട്ട രാഹുലിന്റെ മറുപടി ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.