
അഹമ്മദാബാദ് : ഗുജറാത്തിൽ പശുവിനെ കൊന്ന കേസിൽ മൂന്ന് പേർക്ക് ജീവപര്യന്തം തടവും ആറ് ലക്ഷം രൂപ പിഴയും വിധിച്ച് അഹമ്മദാബാദ് അമറേലി സെഷൻസ് കോടതി. അക്രം ഹാജി സോളങ്കി, സത്താർ ഇസ്മായിൽ സോളങ്കി, ഖാസിം സോളങ്കി എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്.
പശുക്കളെ കൊലപ്പെടുത്തി ഗോമാംസം കടത്തിക്കൊണ്ടുപോയതായി കോടതി കണ്ടെത്തി. 2023 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികളിൽ നിന്നും പശുവിന്റെ മാംസം കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അമ്രേലിയിൽ ഈ സംഭവം വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പശുവിനെ കൊന്നതിന് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുന്നത് ഇതാദ്യമായാണ്.
പശുക്കളെ ഹിന്ദുമതം പവിത്രമായി കണക്കാക്കുന്നുവെന്നും ഇതറിഞ്ഞു കൊണ്ടാണ് പ്രതികൾ കുറ്റം ചെയ്തതെന്നും നിരീക്ഷിച്ചു കൊണ്ടായിരുന്നു വിധി പുറപ്പെടുവിച്ചത്. ഒരു വർഷം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്. അതേസമയം കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് പ്രതിഭാഗം അറിയിച്ചു.