Banner Ads

അതിവിദഗ്ദ്ധ മോഷണം: വീട്ടിൽ ഉറങ്ങുകയായിരുന്ന യുവതിയുടെ സ്വർണ്ണ പാദസരം മോഷ്ടിച്ചു

ചാരുംമൂട്: വീട്ടിലെ കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന യുവതിയുടെ ഒരു പവൻ തൂക്കമുള്ള സ്വർണ്ണ പാദസരം അതിവിദഗ്ദ്ധമായി മോഷ്ടിച്ചു. താമരക്കുളം വേടരപ്ലാവ് അമ്പാടിയിൽ പ്രിൻസിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിയോടെ കവർച്ച നടന്നത്.കിടപ്പുമുറിയിലെ ജനലിന്റെ കൊളുത്ത് പൊളിച്ച ശേഷം, കമ്പിയഴികൾക്കിടയിലൂടെ കൈ കടത്തിയാണ് മോഷ്ടാക്കൾ പ്രിൻസിയുടെ കാലിൽ കിടന്ന പാദസരം പൊട്ടിച്ചെടുത്തത്.

പാദസരം വലിച്ചു പൊട്ടിക്കുന്നതിനിടയിൽ യുവതി ഉണർന്ന് ബഹളം വെച്ചതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു.വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നൂറനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് പ്രതികളെ എത്രയും പെട്ടെന്ന് കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.