
കൊച്ചി: പ്രായപൂർത്തിയാകുന്നതിന് മുൻപ് ഒരു വ്യക്തി ചെയ്ത കുറ്റകൃത്യത്തിന്റെ വിവരങ്ങൾ ഫയലിൽ നിന്ന് നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. പോലീസിനും ജുവനൈൽ ജസ്റ്റിസ് ബോർഡിനുമാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്.
കണ്ണൂർ സ്വദേശിയായ ഒരു യുവാവ് നൽകിയ ഹർജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. 2011-ൽ തലശ്ശേരി ജുവനൈൽ കോടതി പരിഗണിച്ച വീട്ടിൽ അതിക്രമിച്ച് കയറിയ കേസിൽ യുവാവിനെ വെറുതെ വിട്ടിരുന്നു. എന്നാൽ ഈ കേസിൻ്റെ വിവരങ്ങൾ പോലീസിൻ്റെയും ജുവനൈൽ ബോർഡിൻ്റെയും ഫയലുകളിൽ നിന്ന് നീക്കിയിരുന്നില്ല.
ഇതു കാരണം ബാങ്ക് നിയമനത്തിനുള്ള പരീക്ഷകളടക്കം എഴുതുമ്പോൾ പോലീസിൻ്റെ സ്വഭാവ പരിശോധനയിൽ ഈ രേഖകൾ തൊഴിൽ ലഭിക്കുന്നതിന് തടസ്സമാവുമോ എന്ന് യുവാവ് ആശങ്കപ്പെട്ടു. തുടർന്ന് കേസിൻ്റെ വിവരങ്ങൾ ഫയലിൽ നിന്ന് നീക്കം ചെയ്യാൻ പ്രിൻസിപ്പൽ മജിസ്ട്രേറ്റിന് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതോടെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.
ബാലനീതി നിയമം അനുസരിച്ച്, പ്രായപൂർത്തിയാകുന്നതിന് മുൻപ് ചെയ്ത കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ പ്രത്യേക സാഹചര്യങ്ങളിലൊഴികെ നിർബന്ധമായും നീക്കം ചെയ്യണമെന്ന് കോടതി വ്യക്തമാക്കി.