
തിരുവനന്തപുരം : അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥിയായിരുന്ന നിധിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് നാളെ (ഏപ്രിൽ 28) സംസ്ഥാനവ്യാപക ഹർത്താല്‍. 52 ദളിത്, ആദിവാസി, പൗര സംഘടനകളുടെ കൂട്ടായ്മയായ നിതിൻ രാജ് ആക്ഷൻ കൗണ്‍സിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹർത്താൽ പൂർണ്ണമായ ബന്ദായി മാറുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് ഹർത്താല്‍. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ എന്നിവ സർവീസ് നടത്താൻ സാധ്യത കുറവാണ്. ഓട്ടോ-ടാക്സി യൂണിയനുകളും ഹർത്താലിന് സഹകരണം അറിയിച്ചിട്ടുണ്ട്. ഇത് റെയിൽവേ സ്റ്റേഷൻ, എയർപോർട്ട് എന്നിവിടങ്ങളിൽ പോകേണ്ടവരെ ബാധിച്ചേക്കാം. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ മിക്ക വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കും. ഹോട്ടലുകളും പ്രവർത്തിക്കാൻ സാധ്യതയില്ല. സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.
സർവകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെക്കുമോ എന്ന കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പുകള് ഉടൻ വന്നേക്കാം. ബാങ്കുകളും ഐടി പാർക്കുകളും പ്രവർത്തിക്കുമെങ്കിലും ജീവനക്കാരുടെ കുറവ് അനുഭവപ്പെട്ടേക്കാം. പല സ്വകാര്യ സ്ഥാപനങ്ങളും വർക്ക് ഫ്രം ഹോം നിർദ്ദേശം നൽകിയിട്ടുണ്ട്. പാൽ, പത്രം, ആശുപത്രികൾ, ആംബുലൻസ്, മരുന്ന് കടകൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.