Banner Ads

ഗുരുവായൂർ അഷ്ടമിരോഹിണി: 200-ലധികം വിവാഹങ്ങൾ, 40,000 പേർക്ക് സദ്യ; തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദർശനങ്ങൾ ഒഴിവാക്കും.

തൃശ്ശൂർ : അഷ്ടമിരോഹിണി ആഘോഷങ്ങൾ ഗുരുവായൂർ ദേവസ്വത്തിന്റെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ നടത്തും. ഇത്തവണ ഞായറാഴ്ചയാണ് അഷ്മിരോഹിണി. ഞായറാഴ്ചയായതിനാലുള്ള തിരക്ക് കണക്കിലെടുത്ത് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ദേവസ്വം ചെയര്‍മാന്‍ വി കെ വിജയന്‍ അറിയിച്ചു.

ഇരുന്നൂറിലധികം വിവാഹങ്ങൾ അന്ന് നടക്കും. പുലർച്ചെ 4 മണിക്ക് ചടങ്ങുകൾ ആരംഭിക്കും. അഞ്ച് മണ്ഡപങ്ങള്‍ ഒരുക്കും. ദൂരെനിന്ന് വരുന്നവര്‍ക്ക് കല്യാണം കഴിഞ്ഞ് നാട്ടിലേക്ക് പോകാനുള്ള സൗകര്യത്തിനുവേണ്ടിയാണ് ക്രമീകരണം. കൃഷ്ണന്റെ പിറന്നാൾ സദ്യയിൽ ഇത്തവണ 40,000 പേർക്ക് ഭക്ഷണം നൽകും.

തെക്കേനടയിലെ ശ്രീഗുരുവായൂരപ്പന്‍ ഹാളിലും പടിഞ്ഞാറേനടയിലെ അന്നലക്ഷ്മി ഹാളിലുമായി ഒരേസമയം രണ്ടായിരത്തിലേറെപ്പേര്‍ക്ക് ഭക്ഷണം കഴിക്കാം.അഷ്ടമിരോഹിണി ദിവസം രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ വിഐപി, പ്രത്യേക ദര്‍ശനമുണ്ടാകില്ല. കിഴക്കേനടയിലെ പൊതുവരി പൂന്താനം ഹാളില്‍നിന്ന് ആരംഭിക്കും.

നിര്‍മാല്യം മുതല്‍ ഭക്തരെ കൊടിമരം വഴി നേരേ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കും. മുതിർന്ന പൗരന്മാർക്ക് രാവിലെ 4:30 മുതൽ 5:30 വരെയും വൈകീട്ട് 5 മണി മുതൽ 6 മണി വരെയും ദർശനമുണ്ടാകും.തദ്ദേശീയര്‍ക്ക് നിലവില്‍ അനുവദിക്കപ്പെട്ട സമയത്ത് ദര്‍ശനം നടത്താം.

ക്ഷേത്രത്തില്‍ രാവിലെ കാഴ്ചശ്ശീവേലിക്ക് പെരുവനം കുട്ടന്‍മാരാരുടെ മേളവും വൈകീട്ട് കാഴ്ചശ്ശീവേലിക്കും രാത്രി വിളക്കെഴുന്നള്ളിപ്പിനും വൈക്കം ചന്ദ്രന്റെ പഞ്ചവാദ്യവുമുണ്ടാകും. വൈകീട്ട് 5 മണിക്ക് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ദേവസ്വത്തിന്റെ ക്ഷേത്രകലാപുരസ്‌കാരം കലാമണ്ഡലം പെരിങ്ങോട് ചന്ദ്രന് മന്ത്രി വി.എൻ. വാസവൻ സമ്മാനിക്കും.