
തിരുവനന്തപുരം : വർക്കല ബീച്ചിൽ കുളിക്കാനിറങ്ങിയ ഗ്രീസ് സ്വദേശി റോബർട്ടിന് ക്രൂരമർദനം. ബീച്ചിലെ വാട്ടർ സ്പോർട്സ് നടത്തുന്ന തൊഴിലാളികളാണ് മർദിച്ചത്. കഴിഞ്ഞ ദിവസം റോബർട്ടിന്റെ മൊബൈൽ ഫോൺ ബീച്ചിൽ വെച്ച് നഷ്ടപ്പെട്ടിരുന്നു. ഫോൺ അന്വേഷിച്ച് ബീച്ചിലെത്തിയ റോബർട്ട് തുടർന്ന് കടലിൽ കുളിക്കാൻ ഇറങ്ങി.
ഈ സമയത്താണ് വാട്ടർ സ്പോർട്സ് നടത്തിപ്പുകാരായ തൊഴിലാളികൾ ഇദ്ദേഹത്തെ കടലിൽ ഇറങ്ങുന്നതിൽനിന്ന് തടഞ്ഞത്. ഇതേത്തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ തൊഴിലാളികൾ വിദേശിയെ മർദിക്കുകയായിരുന്നു. നാട്ടുകാർ ഇടപെട്ടതിനെ തുടർന്നാണ് മർദിച്ച സംഘം പിന്മാറിയത്. ടൂറിസം പോലീസ് ഇടപെട്ട് റോബർട്ടിനെ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മർദനത്തിൽ റോബർട്ടിന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.