Banner Ads

ഗോപിക നെൽവിത്തിന് വിളയൂരിൽ പേറ്റന്റ് നെൽകൃഷി: കർഷകൻ ശശിധരൻ പുതിയ പാതയിൽ

പാലക്കാട്: വിളകളുടെ ഊരെന്ന് വിശേഷിപ്പിക്കുന്ന പാലക്കാട് വിളയൂരിൽ ഇനി പേറ്റൻ്റ് നെൽകൃഷിയും വിളയും. കർഷകനായ പുലാമന്തോൾ സ്വദേശി ചേലപുറത്ത് ശശിധരൻ വികസിപ്പിച്ച് ഗോപിക നെൽവിത്ത് ഉപയോഗിച്ചാണ് 2 ഏക്കറിൽ കൃഷി ഇറക്കിയത്.കർഷകനായ പുലാമന്തോൾ ചേലപ്പുറത്ത് ശശിധരനാണ് ഗോപിക നെൽ വിത്ത് വികസിപ്പിച്ചെടുത്തത്.

ഇക്കഴിഞ്ഞ ജൂണിൽ പേറ്റന്റ് ലഭിച്ചതോടെയാണ് പാലക്കാട് വിളയൂരിൽ ഗോപിക വിളയിക്കാൻ ഒരുങ്ങുന്നത്. കരിങ്ങനാട് പാടശേഖരത്തിലെ രണ്ട് ഏക്കറിലാണ് നെൽകൃഷി ഇറക്കിയത്. കൃഷിയുടെ വിത്തിടൽ നടന്നു. ശശിധരൻ എട്ട് വർഷത്തോളമായി നടപ്പാക്കിയ പരീക്ഷണത്തിന് ശേഷമാണ് ഗോപിക നെൽവിത്തിന് പേറ്റന്റ് ലഭിച്ചത്.

പട്ടാമ്പി നെല്ലു ഗവേഷണകേന്ദ്രം,ഹൈദരാബാദിലെ നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷൻ,കേന്ദ്ര സർക്കാറിനു കീഴിലുളള പ്ലാന്റ് പ്രൊട്ടക്ഷൻ വെറൈറ്റി അതോറിറ്റി എന്നിവയുടെ നീരിക്ഷണത്തിലായിരുന്നു പ്രവർത്തനങ്ങൾ. പുലാമന്തോളിലും ആലത്തൂരിലും ഈ പുതിയ നെൽവിത്ത് പരീക്ഷിച്ച് മികച്ച വിളവ് ലഭിച്ചിരുന്നതായി ശശിധരൻ പറഞ്ഞു. അത്യുൽപാദന ശേഷിയുളള വിത്താണിത്. ഐശ്വര്യ, ജ്യോതി വിത്തിനകൾ ഒന്നിച്ച് വിതച്ച് അതിൽ നിന്നുമാണ് പുതിയ വിത്തിനം ശശിധരൻ വികസിപ്പിച്ചെടുത്തത്.

120 ദിവസാമാണ് മൂപ്പ്. രോഗപ്രതിരോധ ശേഷിയാണ് പ്രധാന പ്രത്യേകത.കാറ്റ് വീഴ്ച സംഭവിക്കില്ല.നെൽ ചെടിയുടെ തണ്ടിന് 90സെ.മീ.മുതൽ ഒരു സെ.മീ വരെയാണ് നീളമുണ്ടാവുക. ഒരു കതിരിൽ 210 നെൽമണികൾ വരെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പഞ്ചായത്ത് സാരഥികളുടെ സാനിധ്യത്തിലായിരുന്നു വിത്തിറക്കൽ.2002 മുതൽ നെൽകൃഷിയിൽ ശശിധരൻ പരീക്ഷണങ്ങൾ നടപ്പാക്കി വരുന്നുണ്ട്.

നെൽകൃഷിക്ക് പുറമേ കൂർക്കയിലും പരീക്ഷണം നടപ്പാക്കിയിരുന്നു.വിളയൂരിൽ കൂർക്ക കൃഷി,സൂര്യകാന്തി കൃഷി ഉൾപ്പെടെയുളള പ്രവർത്തനങ്ങളും ശശിധരന്റെ മേൽനോട്ടത്തിൽ നടപ്പാക്കിയിട്ടുണ്ട്.ഇതിന് പുറമേയാണ് ഇപ്പോൾ പേന്ററ്റ് ലഭിച്ച ഗോപിക നെൽവിത്തും വിളയൂരിൽ പരീക്ഷിക്കുന്നത്.