Banner Ads

സ്വർണപ്പാളി വിവാദം: സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി ദേവസ്വം വിജിലൻസ്.

പത്തനംതിട്ട: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ കൂടുതൽ ഗുരുതരമായ കണ്ടെത്തലുകളുമായി ദേവസ്വം വിജിലൻസ്.സ്വർണം പൂശുന്നതിനും അന്നദാനത്തിൻ്റെ പേരിലും ഉണ്ണികൃഷ്ണൻ പോറ്റി വ്യാപകമായി പണപ്പിരിവ് നടത്തിയെന്നാണ് വിജിലൻസിൻ്റെ പ്രധാന കണ്ടെത്തൽ.

കേരളത്തിന് പുറത്തും ഇയാൾ സമാനമായി പണപ്പിരിവ് നടത്തിയിട്ടുണ്ട്.സ്വർണപ്പാളി ബെംഗളൂരുവിലേക്ക് കൊണ്ടുപോയതിന് പിന്നിലും പണപ്പിരിവ് ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് ഉണ്ടായിരുന്നതെന്നും വിജിലൻസ് സംശയിക്കുന്നു. ശബരിമലയുമായി അടുത്ത ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച്, കർണാടക സ്വദേശികളായ സമ്പന്നരായ അയ്യപ്പഭക്തരിൽ നിന്നും ഉണ്ണികൃഷ്ണൻ പോറ്റി നേരത്തെ പണം പിരിച്ചിരുന്നതായി ആരോപണമുണ്ട്.

അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വർണ്ണപ്പാളി, ശബരിമല ശ്രീകോവിലിൻ്റെ വാതിൽ എന്ന പേരിൽ ബെംഗളൂരുവിലെ ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിൽ എത്തിച്ച് പൂജിച്ച വാർത്തകളും മുൻപ് പുറത്തുവന്നിരുന്നു. ഈ സംഭവങ്ങളെല്ലാം വ്യാപകമായ ക്രമക്കേടുകളിലേക്കാണ് വിരൽചൂണ്ടുന്നത്.