Banner Ads

പമ്പയിൽ ആഗോള അയ്യപ്പ സംഗമം: മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട: പമ്പാതീരത്ത് നടന്ന ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായിവിജയൻ. പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ തനിക്ക് വളരെ സന്തോഷമുണ്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ ഒൻപതരയോടെയാണ് മുഖ്യമന്ത്രി വേദിയിലെത്തിയത്. തന്ത്രി സം​ഗമത്തിന് തിരി തെളിയിച്ച് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു.

ഉദ്ഘാടന പ്രസംഗത്തിൽ, ശബരിമലയുടെ തനതായ ചരിത്രത്തെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു. ശബരിമല എന്ന പേര് ഒരു ഗോത്രവർഗക്കാരിയായ ശബരി എന്ന തപസ്വിനിയിൽ നിന്നാണ് ഉണ്ടായതെന്നും, ഇത് സമൂഹത്തിലെ പിന്നോക്കം നിൽക്കുന്നവരുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജാതി-മത ഭേദചിന്തകൾക്കതീതമായ ഒരു ആരാധനാലയമാണ് ശബരിമലയെന്നും അദ്ദേഹം പറഞ്ഞു.

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ സാന്നിധ്യമാണ് സംഗമത്തിന് ആഗോള സ്വഭാവം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ സർക്കാർ ഏകപക്ഷീയമായി തീരുമാനിക്കുകയല്ല വേണ്ടതെന്നും, ഭക്തരുമായി ആലോചിച്ച ശേഷമേ തീരുമാനമെടുക്കാവൂ എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഭക്തി കേവലം ഒരു പരിവേഷമായി കാണുന്നവർക്ക് പ്രത്യേക അജണ്ടകളുണ്ടെന്നും, അങ്ങനെയുള്ളവർ ഭക്തജന സംഗമം തടയാൻ ശ്രമിച്ചെങ്കിലും സുപ്രീം കോടതി ആ നീക്കം തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ഭഗവത് ഗീതയിലേയും ചാന്ദോക്യ ഉപനിഷത്തിലേയും ശ്ലോകങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. ഈ സംഗമം യഥാർത്ഥ ഭക്തരുടെ കൂടിച്ചേരലാണെന്നും, എല്ലാ ജാതിമതങ്ങൾക്കും അതീതമായി എല്ലാവരും ഒന്നിച്ചെത്തുന്ന സ്ഥലമാണ് ശബരിമലയെന്നും അദ്ദേഹം വ്യക്തമാക്കി.ദേവസ്വം മന്ത്രി വി.എൻ. വാസവൻ മുഖ്യമന്ത്രിയെ വേദിയിലേക്ക് സ്വാഗതം ചെയ്തു. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രിയോടൊപ്പം വേദിയിലെത്തി. തന്ത്രി തിരി തെളിയിച്ചാണ് സംഗമത്തിന് തുടക്കം കുറിച്ചത്.