
തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓൺലൈൻ ഗെയിമിലൂടെ സൗഹൃദം സ്ഥാപിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ മുഖ്യപ്രതി ആറുമാസത്തിന് ശേഷം അറസ്റ്റിൽ.
തമിഴ്‌നാട് ധർമപുരി ജില്ലയിലെ ഉദ്ദപ്പട്ടി സ്വദേശിയായ ശക്തിവേലിനെയാണ് (22) അയിരൂർ പോലീസ് തമിഴ്‌നാട്ടിൽ നിന്നും പിടികൂടിയത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓൺലൈൻ ഗെയിം വഴി പെൺകുട്ടിയുമായി സൗഹൃദത്തിലായ ശക്തിവേലും സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയെ തമിഴ്‌നാട്ടിലേക്ക് കടത്തിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് തമിഴ്‌നാട്ടിൽ വെച്ച് പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായി.
പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ കണ്ടെത്തിയിരുന്നു. പക്ഷേ പ്രതികൾ ഒളിവിൽ പോയി. പ്രത്യേക അന്വേഷണ സംഘം തമിഴ്‌നാട് കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് ഒന്നാം പ്രതിയായ ശക്തിവേലിനെ പിടികൂടിയത്. മറ്റ് രണ്ട് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.