
തിരുവനന്തപുരം: ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി കെ.എസ്.ആർ.ടി.സി നിർത്തിവെച്ചെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും വസ്തുതാവിരുദ്ധമാണെന്ന് മാനേജ്‌മെന്റ് വ്യക്തത വരുത്തി.
സോഫ്റ്റ്‌വെയർ അപ്‌ഡേഷൻ നടപടികൾ കാരണം പുതിയ കാർഡുകളുടെ വിതരണത്തിൽ താൽക്കാലികമായി കാലതാമസം നേരിട്ടിരുന്നു. എന്നാൽ സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ചതോടെ പുതിയ കാർഡുകളുടെ വിതരണം പുനരാരംഭിച്ചിട്ടുണ്ട്.
നിലവിൽ സാധുതയുള്ള (Valid) കാർഡുകൾ കൈവശമുള്ള രോഗികൾക്ക് നിലവിലുള്ള സൗജന്യ യാത്രാ സൗകര്യം തടസ്സമില്ലാതെ തുടരാവുന്നതാണ്.പദ്ധതി നിർത്തിവെച്ചെന്ന തരത്തിലുള്ള തെറ്റായ വാർത്തകൾ പൊതുജനങ്ങളിൽ വലിയ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്.വിവരങ്ങൾ ഉറപ്പുവരുത്താതെ സോഷ്യൽ മീഡിയ വഴി ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കെ.എസ്.ആർ.ടി.സി അഭ്യർത്ഥിച്ചു.