Banner Ads

കൊല്ലത്ത് എം.ഡി.എം.എയും കഞ്ചാവുമായി മുൻ പോലീസ് ഉദ്യോഗസ്ഥൻ എക്സൈസ് പിടിയിൽ

കൊല്ലം: ലഹരിമരുന്ന് കേസിനെ തുടർന്ന് പോലീസ് സേനയിൽ നിന്ന് പുറത്താക്കപ്പെട്ടയാൾ എം.ഡി.എം.എയും കഞ്ചാവുമായി കൊല്ലത്ത് എക്സൈസിന്റെ പിടിയിലായി. കരുനാഗപ്പള്ളി ആദിനാട് സ്വദേശി ബക്കറാണ് കൊല്ലം എക്സൈസ് സ്ക്വാഡിന്റെ പിടിയിലായത്.

ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2.186 ഗ്രാം എം.ഡി.എം.എയും 21 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു. പോലീസിൽ ഡ്രൈവറായി ജോലി ചെയ്തു വരവെ 26 കിലോ കഞ്ചാവ് കടത്തിയ കേസിൽ പ്രതിയായതിനെ തുടർന്നാണ് ഇയാളെ നേരത്തെ സർവീസിൽ നിന്ന് പുറത്താക്കിയത്.

സേനയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷവും ഇയാൾ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ച് മയക്കുമരുന്ന് കച്ചവടം നടത്തി വരികയായിരുന്നു. അടുത്ത കാലത്തായി സ്വന്തം നാട് കേന്ദ്രീകരിച്ച് ഇയാൾ വീണ്ടും മയക്കുമരുന്ന് വ്യാപാരം നടത്തുന്നതായി എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് ഇയാൾ എക്സൈസിന്റെ കടുത്ത നിരീക്ഷണത്തിലായിരുന്നു.