Banner Ads

തെങ്ങുകയറ്റത്തിനിടെ തലകറങ്ങി വീണു; കല്ലടി സ്കൂളിലെ മുൻ അധ്യാപകന് ദാരുണാന്ത്യം

പാലക്കാട് : പാലക്കാട് കല്ലടി ഹയർസെക്കൻഡറി സ്കൂളിലെ മുൻ അധ്യാപകൻ തെങ്ങിൽ നിന്ന് വീണ് മരിച്ചു. കുമരംപുത്തൂർ ശ്രേയസ് വീട്ടിൽ എം.ആർ. ഭാസ്‌കരൻ നായരാണ് (62) ഇന്ന് രാവിലെ മരിച്ചത്. തേങ്ങയിടാനായി തെങ്ങിൽ കയറിയ ഇദ്ദേഹം ഒരു തെങ്ങിൽ നിന്ന് ഇറങ്ങി അടുത്തതിലേക്ക് കയറുന്നതിനിടെ തലകറങ്ങി താഴെ വീഴുകയായിരുന്നുവെന്നാണ് വിവരം. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പത്ത് വർഷം മുൻപാണ് സർവീസിൽ നിന്ന് വിരമിച്ചത്. അതിനുശേഷം പെയിന്റിങ്, കൃഷി, തെങ്ങുകയറ്റം, ഡ്രൈവിങ് തുടങ്ങി വിവിധ ജോലികൾ ചെയ്തിരുന്നു. ഇതിനിടെയാണ് അപകടത്തിലൂടെ മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.