Banner Ads

മൂന്നാറിൽ കാട്ടാന ശല്യം രൂക്ഷം; പടയപ്പയെ ഉൾവനത്തിലേക്ക് തുരത്തണമെന്ന ആവശ്യം ശക്തമാകുന്നു.

ഇടുക്കി:മൂന്നാറിലെ ജനവാസ മേഖലകളിൽ കാട്ടുകൊമ്പൻ പടയപ്പയുടെ ശല്യം രൂക്ഷമാകുന്നു. പതിവായി എസ്റ്റേറ്റ് മേഖലകളിൽ ചുറ്റിക്കറങ്ങുന്ന പടയപ്പ ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയാവുകയാണ്. അപ്രതീക്ഷിതമായി ആനയുടെ മുന്നിൽപ്പെടുമോ എന്ന ആശങ്കയിലാണ് തോട്ടം തൊഴിലാളികൾ.

മഴക്കാലം ആരംഭിച്ചിട്ടും വനത്തിനുള്ളിലേക്ക് മടങ്ങാൻ പടയപ്പ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം കുണ്ടള ചെണ്ടുവര എസ്റ്റേറ്റിലെത്തിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. മുൻകാലങ്ങളിൽ വേനൽക്കാലത്ത് മാത്രമായിരുന്നു പടയപ്പ ജനവാസ മേഖലകളിൽ എത്തിയിരുന്നത്. എന്നാൽ, ഇപ്പോൾ ഈ രീതിക്ക് മാറ്റം വന്നിട്ടുണ്ട്.

കൂടാതെ, മുൻപ് ശാന്ത സ്വഭാവം കാണിച്ചിരുന്ന പടയപ്പ ഇപ്പോൾ ഇടയ്ക്കിടെ ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്നത് തൊഴിലാളികളിൽ കൂടുതൽ ഭീതി ഉണ്ടാക്കുന്നു. ഈ സാഹചര്യത്തിൽ, പടയപ്പയെ ജനവാസ മേഖലയിൽ നിന്നും ഉൾവനത്തിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാവുകയാണ്.