
കൊച്ചി : കാൽനടയാത്രക്കാരുടെയും ഇരുചക്രവാഹന യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി കർശന നിർദേശങ്ങളുമായി സുപ്രീം കോടതി. സ്വകാര്യ വാഹനങ്ങളിൽ അനധികൃതമായ ചുവപ്പ്-നീല ഫ്ലാഷ് ലൈറ്റുകൾ, എൽ.ഇ.ഡി. ഡാസ്‌ലിങ് ലൈറ്റുകൾ, സൈറണുകൾ തുടങ്ങിയവ ഉപയോഗിക്കാൻ പാടില്ലെന്ന് കോടതി നിർദേശിച്ചു.
കൂടാതെ ഇരുചക്രവാഹന യാത്രക്കാർക്ക് ഹെൽമെറ്റ് നിർബന്ധമാക്കണമെന്ന മാനദണ്ഡം കർശനമായി നടപ്പാക്കണമെന്നും സംസ്ഥാനങ്ങളോട് കോടതി ആവശ്യപ്പെട്ടു. 2023-ൽ രാജ്യത്ത് 35,000 കാൽനടയാത്രക്കാർ വാഹനാപകടങ്ങളിൽ മരിച്ചതായി കോടതി ചൂണ്ടിക്കാട്ടി. ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്‌ത 54,000 പേരും അപകടങ്ങളിൽ മരിച്ചിട്ടുണ്ട്.
സി.സി.ടി.വി.കളിലൂടെയും മറ്റ് സംവിധാനങ്ങളിലൂടെയും കർശനമായ നിരീക്ഷണവും പരിശോധനകളും ആവശ്യമാണ്. തെറ്റായ ലെയ്നിലൂടെ വാഹനമോടിക്കുന്നത് തടയണം. ഡ്രൈവിങ്ങിൽ അച്ചടക്കം പാലിക്കുന്നത് ഉറപ്പാക്കണം.
ഓർത്തോപീഡിക് സർജനായ ഡോ. എസ്. രാജശേഖരൻ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ച് ഉത്തരവിറക്കിയത്. ഈ നിർദേശങ്ങൾ എത്രത്തോളം പാലിച്ചു എന്ന് പരിശോധിക്കുന്നതിനായി കേസ് ഏഴു മാസത്തിനുശേഷം വീണ്ടും പരിഗണിക്കാൻ കോടതി തീരുമാനിച്ചു.