
കണ്ണൂർ : കുളിപ്പിക്കുന്നതിനിടെ കിണറ്റിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പോലീസ്. കുട്ടിയെ കിണറ്റിലേക്ക് എറിഞ്ഞ് കൊന്നതാണെന്ന് മാതാവ് മൂലക്കൽ പുതിയപുരയിൽ മുബഷിറ സമ്മതിച്ചു. കുറുമാത്തൂർ ഡെയറി ജുമാമസ്ജിദിന് സമീപത്തെ ആമിഷ് അലൻ ആണ് മരിച്ചത്.
ഇന്നലെ (തിങ്കളാഴ്ച) രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. കിണറ്റിലേക്ക് കൈയിൽ നിന്ന് വഴുതി വീണതല്ലെന്നും എറിഞ്ഞതാണെന്നുമാണ് മുബഷിറ മൊഴി നൽകിയത്. മുബഷിറയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസിയാണ് കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്തത്. ഉടൻ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.
ഗ്രില്ലും ആൾമറയുമുള്ള കിണറ്റിൽ കുട്ടി വീണെന്ന ആദ്യമൊഴിയിൽ പോലീസിന് സംശയം തോന്നിയിരുന്നു. തളിപ്പറമ്പ് ഡി.വൈ.എസ്.പി. കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ മുബഷിറയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകമാണെന്ന വിവരം ലഭിച്ചത്. മുബഷിറ നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ വീട്ടിലാണ്.