Banner Ads

തീ അണച്ചത് ഏറെ പണിപ്പെട്ട്: പാച്ചല്ലൂരിലെ ബേക്കറിയിൽ വൻ നാശനഷ്ടം; തീപ്പിടിത്ത കാരണം വ്യക്തമല്ല.

തിരുവനന്തപുരം:തിരുവനന്തപുരം തിരുവല്ലം പാച്ചല്ലൂരിൽ അടച്ചിട്ടിരുന്ന ബേക്കറിക്കടയിൽ വൻ തീപ്പിടിത്തം. കടയിലെ പലഹാരങ്ങളും ഫ്രിഡ്ജ് ഉൾപ്പെടെയുള്ള ഉപകരണങ്ങളും കത്തി നശിച്ചു.ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് മാഹിൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബേക്കറിക്കടയിൽ തീപ്പിടിത്തമുണ്ടായത്.

കടയ്ക്കുള്ളിൽ പാചകവാതക സിലിണ്ടർ ഉണ്ടായിരുന്നെങ്കിലും അതിലേക്ക് തീ പടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. തീ സിലിണ്ടറിലേക്ക് പടർന്നിരുന്നെങ്കിൽ സമീപ പ്രദേശങ്ങളിൽ വലിയ അപകടം ഉണ്ടാകുമായിരുന്നു.അടുത്ത് തന്നെയുള്ള ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർമാരാണ് കടയിൽനിന്ന് തീയും പുകയും ഉയരുന്നത് ആദ്യം കണ്ടത്.

ഉടൻ തന്നെ ഇവർ വിഴിഞ്ഞം അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് അഗ്നിരക്ഷാസേനാ അധികൃതരുടെ പ്രാഥമിക നിഗമനം. ഏകദേശം അഞ്ചുലക്ഷം രൂപയുടെ സാധന സാമഗ്രികൾ കത്തിനശിച്ചതായാണ് കണക്കാക്കുന്നത്.