Banner Ads

തളിപ്പറമ്പിൽ തീ വിതച്ചു: കെ.വി. കോംപ്ലക്സിലെ നഷ്ടം 50 കോടി കടക്കുമെന്ന് സൂചന.

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിലെ കെ.വി. കോംപ്ലക്സിലുണ്ടായ വൻ തീപിടിത്തത്തിൽ ഏകദേശം 50 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമികമായി വിലയിരുത്തുന്നു.മൂന്നു മണിക്കൂറോളം നീണ്ടുനിന്ന അഗ്നിബാധയിൽ 110 കടമുറികളെയാണ് ബാധിച്ചത്. ഏകദേശം 40 ഉടമകളുടെ സ്ഥാപനങ്ങൾക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചു.

സ്ഥാപന ഉടമകൾക്ക് സംഭവിച്ച കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടത്തിനൊപ്പം, ഈ സ്ഥാപനങ്ങളെ ആശ്രയിച്ച് ജീവിച്ചിരുന്ന നിരവധി തൊഴിലാളികളുടെ വരുമാനവും ഇല്ലാതായിരിക്കുകയാണ്.തീപിടിത്തം നടന്ന സ്ഥലത്ത് ഇന്ന് വിദഗ്ധ സംഘം പരിശോധന നടത്തി. ഫോറൻസിക്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അധികൃതർ എന്നിവരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

ഈ സംഘം തയ്യാറാക്കുന്ന പ്രാഥമിക റിപ്പോർട്ട് ഇന്ന് വൈകീട്ട് ആർ.ഡി.ഒ. വഴി ജില്ലാ കളക്ടർക്ക് കൈമാറും.ഉച്ചകഴിഞ്ഞ് തളിപ്പറമ്പ് എം.എൽ.എ. എം.വി. ഗോവിന്ദൻ്റെ അധ്യക്ഷതയിൽ ബന്ധപ്പെട്ടവരുടെ യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്.സ്ഥാപന ഉടമകൾക്ക് ഉണ്ടായ നഷ്ടം നികത്തുന്നതിനായി സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കെ.പി.സി.സി. പ്രസിഡൻ്റ് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.