Banner Ads

പ്രളയ രക്ഷാപ്രവർത്തന വാഹനത്തിന് പിഴ കുറഞ്ഞുപോയി: അനധികൃത ലൈറ്റുകൾക്ക് പ്രത്യേക പിഴ വേണമെന്ന് കോടതി

കൊച്ചി: വാഹനങ്ങളിൽ നടത്തുന്ന അനധികൃത മോഡിഫിക്കേഷനുകൾക്കെതിരെ നടപടി കടുപ്പിച്ച് ഹൈക്കോടതി. ഒന്നിലേറെ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഓരോ ലംഘനത്തിനും ₹5,000 വീതം പിഴ ഈടാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പും (MVD) പൊലീസും കർശന നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.

പ്രളയ രക്ഷാപ്രവർത്തനത്തിനെത്തിയ ഒരു ‘ഥാർ’ ജീപ്പിന്റെ നിയമലംഘനങ്ങൾ പരിശോധിച്ച കോടതി, അതിൽ കുറഞ്ഞ പിഴ മാത്രം ഈടാക്കിയതിൽ ശക്തമായ അസന്തുഷ്ടി രേഖപ്പെടുത്തി.ഥാർ ജീപ്പിൽ ആറ് അധിക ലൈറ്റുകൾ ഘടിപ്പിച്ചതിന് ആകെ ₹5,000 മാത്രമാണ് പിഴ ഈടാക്കിയത്. എന്നാൽ ഓരോ അനധികൃത ലൈറ്റിനും വെവ്വേറെ പിഴ ഈടാക്കണമായിരുന്നുവെന്ന് കോടതി വ്യക്തമാക്കി.ഇതിന് പുറമെ പിയുസി (PUC) ലംഘനത്തിന് ₹2,000 പിഴയും ചുമത്തിയിരുന്നു.

പ്രളയ രക്ഷാപ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴയിട്ടതിന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ പശ്ചാത്തലത്തിൽ, ഈ ഈടാക്കിയ പിഴ ഒട്ടും പര്യാപ്തമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അനുവദനീയമായതിൽ കൂടുതലായി ഒരു ലൈറ്റ് പോലും വാഹനങ്ങളിൽ ഘടിപ്പിക്കാൻ പാടില്ല.കാൽനടക്കാർക്കും മറ്റ് വാഹനങ്ങൾക്കും അപകടമുണ്ടാക്കുന്ന അതിതീവ്ര വെളിച്ചമുള്ള എൽ.ഇ.ഡി ലൈറ്റുകൾ, ഫ്ലാഷ് ലൈറ്റുകൾ, കളർ ലൈറ്റുകൾ എന്നിവ പൂർണ്ണമായും നിരോധിച്ചു.മാനദണ്ഡങ്ങൾ ലംഘിച്ച് വീതിയേറിയ ടയറുകൾ (Wide tyres) ഘടിപ്പിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടി ശക്തമാക്കണം.

വൻ ശബ്ദവും തീയുമുണ്ടാക്കുന്ന അനധികൃത പുകക്കുഴലുകൾ അപകടസാധ്യത ഉയർത്തുന്നതിനാൽ ഇവയുടെ ഉപയോഗം പൂർണ്ണമായി നിയന്ത്രിക്കണം. നിയമലംഘനങ്ങൾക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായ റിപ്പോർട്ട് അടുത്ത മാസം ഏഴിനകം സമർപ്പിക്കാൻ മോട്ടോർ വാഹന വകുപ്പിനോടും പൊലീസിനോടും ഹൈക്കോടതി ആവശ്യപ്പെട്ടു.