
റാഞ്ചി : ജാർഖണ്ഡിലെ ഗുംല ജില്ലയിൽ മൂന്ന് മൂന്നുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത സംഭവം ലക്ഷങ്ങൾ പിഴയിട്ടും ഗ്രാമത്തിൽ സദ്യ നടത്താൻ ഉത്തരവിട്ടും ഒതുക്കിത്തീർക്കാൻ നാട്ടുപഞ്ചായത്തിന്റെ ശ്രമം. സംഭവം പുറത്തറിഞ്ഞതോടെ പോലീസ് സ്ഥലത്തെത്തി കേസെടുത്തു.
ജൂലൈ 11നായിരുന്നു കേസിനാസ്പദമായ സംഭവം. പീഡനവിവരം കുട്ടിയുടെ അമ്മ തന്നെയാണ് പുറത്തറിയിച്ചത്. എന്നാൽ സംഭവത്തിൽ പ്രതി പിഴ അടച്ചാൽ മതിയെന്നായിരുന്നു നാട്ടുപഞ്ചായത്തിന്റെ ഉത്തരവ്. കുട്ടിയുടെ അമ്മയുടെ എതിർപ്പുകളെ വകവെയ്ക്കാതെയാണ് പ്രതിയെ സംരക്ഷിക്കുന്ന തരത്തിലുള്ള വിധി നാട്ടുപഞ്ചായത്ത് പുറപ്പെടുവിച്ചത്.
ഒരു ലക്ഷം രൂപ പിഴയായി നൽകണമെന്നും ഇതിൽ 20000 രൂപ ഇപ്പോൾ തന്നെ നൽകണമെന്നുമായിരുന്നു നാട്ടുപഞ്ചായത്തിന്റെ നിർദേശം. ഈ 20000 രൂപ ഉപയോഗിച്ച് ഗ്രാമത്തിൽ സദ്യ നടത്താനും ബാക്കി തുക കുട്ടിയുടെ കുടുംബത്തിന് കൈമാറാനും നാട്ടുപഞ്ചായത്ത് ഉത്തരവിട്ടിരുന്നു.
വിവരം പുറത്തറിഞ്ഞതോടെ ഗുംല പോലീസ് ഗ്രാമത്തിലെത്തുകയും പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിക്കെതിരെ കർശന വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ഇത്രയും ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യം പോലീസിനെ അറിയിക്കാതെ പണം നൽകി ഒതുക്കിത്തീർക്കാൻ നേതൃത്വം നൽകിയ നാട്ടുപഞ്ചായത്ത് ഭാരവാഹികൾക്കെതിരെയും അന്വേഷണവും നിയമനടപടികളും ഉണ്ടാകുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.