
തിരുവനന്തപുരം : ആഡംബര കാറിൻ്റെ പേരിൽ മകനുമായി നടന്ന തർക്കത്തിനിടെ കമ്പിപ്പാര കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച അച്ഛനെ വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്തു. വഞ്ചിയൂർ സ്വദേശിയായ വിനയാനന്ദാണ് അറസ്റ്റിലായത്. മകനായ ഹൃത്വിക്ക് (28) തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
ആഡംബര കാർ വേണമെന്ന് ആവശ്യപ്പെട്ട് ഹൃത്വിക്ക് വീട്ടിൽ സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. അടുത്തിടെ 15 ലക്ഷം രൂപ വിലവരുന്ന ആഡംബര ബൈക്ക് വിനയാനന്ദ് മകന് വാങ്ങി നൽകിയിരുന്നു. എന്നാൽ ഒരു ആഡംബര കാർ കൂടി വേണമെന്നായിരുന്നു ഹൃത്വിക്കിന്റെ അടുത്ത ആവശ്യം. നിലവിൽ അതിനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്ന് അച്ഛൻ പറഞ്ഞത് തർക്കത്തിന് കാരണമായി.
കഴിഞ്ഞ ദിവസം ഇരുവരും തമ്മിലുള്ള വാക്കുതർക്കം കയ്യാങ്കളിയിലെത്തി. മകൻ തന്നെ ആക്രമിച്ചതോടെ പ്രകോപിതനായ വിനയാനന്ദ് കമ്പിപ്പാര ഉപയോഗിച്ച് മകനെ തിരിച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ വിനയാനന്ദിനെ വഞ്ചിയൂർ പോലീസ് ഇന്നാണ് പിടികൂടിയത്. സംഭവത്തിൽ വിനയാനന്ദിനെതിരെ പോലീസ് കേസെടുത്തിരുന്നു.