Banner Ads

ഇൻസ്റ്റാഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീം: വിഷബാധയേറ്റ് 17കാരിക്ക് ഗുരുതര വൃക്കരോഗം; നിയമനടപടിക്ക് കുടുംബം

മലപ്പുറം : ഇൻസ്റ്റാഗ്രാം പരസ്യങ്ങളും ഇൻഫ്ലുവൻസർ വീഡിയോകളും കണ്ട് ഓൺലൈനിൽ വാങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് വിഷബാധയേറ്റ് 17കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ചു. ക്രീമിൽ അപകടകരമായ അളവിൽ മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി.

പരാതിപ്പെട്ടിട്ടും കമ്പനി അധികൃതർ ഗൗനിക്കാത്ത സാഹചര്യത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം. മുഖക്കുരുവും കരുവാളിപ്പും മാറുമെന്നും 15 ദിവസം കൊണ്ട് മുഖകാന്തി വർദ്ധിക്കുമെന്നുമായിരുന്നു ഇൻസ്റ്റാഗ്രാമിൽ ഈ കമ്പനി വ്യാപകമായി നൽകിയിരുന്ന വാഗ്ദാനം.

ഇതേത്തുടർന്നാണ് പെൺകുട്ടി നൈറ്റ് ക്രീമായി ഇത് ഓർഡർ ചെയ്ത് ഉപയോഗിച്ചു തുടങ്ങിയത്. ഓൺലൈൻ വഴി വാങ്ങിയ ക്രീമിൽ 1.25 ശതമാനം മെർക്കുറി അടങ്ങിയിട്ടുള്ളതായി പരിശോധനയിൽ സ്ഥിരീകരിച്ചു. ശരീരത്തിൽ മെർക്കുറിയുടെ അളവ് കൂടുന്നത് വൃക്കകളടക്കമുള്ള ആന്തരികാവയവങ്ങളെ ഗുരുതരമായി ബാധിക്കുന്നതാണ്.

ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് കുടുംബം കമ്പനിയുമായി ബന്ധപ്പെട്ട് പരാതി നൽകിയെങ്കിലും അനുകൂല പ്രതികരണമോ നടപടിയോ ഉണ്ടായില്ല. കമ്പനിക്കെതിരെ ഉപഭോക്തൃ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് 17കാരിയും കുടുംബവും.