
ന്യൂഡല്‍ഹി: ഡൽഹി ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തിന്റെ പ്രാഥമിക വിവരങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കുവെച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് ചെങ്കോട്ടയ്ക്ക് സമീപത്തെ സുഭാഷ് മാർഗ് ട്രാഫിക് സിഗ്നലിൽ സ്ഫോടനമുണ്ടായത്. ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന ഒരു ഐ20 കാറിലാണ് സ്ഫോടനം നടന്നത്.
സ്ഫോടനത്തിൽ ചിലർക്ക് ജീവൻ നഷ്ടമാവുകയും കാൽനടയാത്രക്കാർക്കടക്കം പരിക്കേൽക്കുകയും ചെയ്തുചില വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.സ്ഫോടന വിവരം ലഭിച്ച് പത്ത് മിനിറ്റിനുള്ളിൽ ഡൽഹി ക്രൈംബ്രാഞ്ചും ഡൽഹി സ്‌പെഷ്യൽ ബ്രാഞ്ചും സ്ഥലത്തെത്തി.നിലവിൽ എൻ.എസ്.ജി. (ദേശീയ സുരക്ഷാ ഗാർഡ്), എൻ.ഐ.എ. (ദേശീയ അന്വേഷണ ഏജൻസി) സംഘങ്ങളും ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.സമഗ്രമായ അന്വേഷണം ആരംഭിക്കാൻ ഉത്തരവിട്ടതായും സമീപത്തുള്ള എല്ലാ സിസിടിവി ക്യാമറകളും പരിശോധിക്കാൻ നിർദേശം നൽകിയതായും അമിത് ഷാ വ്യക്തമാക്കി.
ഡൽഹി പോലീസ് കമ്മീഷണറുമായും സ്‌പെഷ്യൽ ബ്രാഞ്ച് ഇൻചാർജുമായും നേരിട്ട് സംസാരിച്ചെന്നും ഇരുവരും സംഭവസ്ഥലത്തുണ്ടെന്നും അദ്ദേഹം അറിയിച്ചു.സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുകയും വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കുകയും ചെയ്യും. അമിത് ഷാ ഉടൻതന്നെ സംഭവസ്ഥലം സന്ദർശിക്കുമെന്നും പരിക്കേറ്റവരെ കാണാൻ ആശുപത്രിയിൽ പോകുമെന്നും അറിയിച്ചിരുന്നു. ഇതിനുപിന്നാലെ അദ്ദേഹം ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിക്കുകയും ചെയ്തു.